ലോര്‍ഡ്സ്: ഏഴു വിക്കറ്റുമായി കൊടുങ്കാറ്റായി ആഞ്ഞടിച്ച ജെയിംസ് ആന്‍ഡേഴ്സന്റെ മികവില്‍ വെസ്റ്റ് ഇന്‍ഡീസിനെതിരായ മൂന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇംഗ്ലണ്ടിന് ഒമ്പത് വിക്കറ്റിന്റെ തകര്‍പ്പന്‍ ജയം. 500 വിക്കറ്റ് ക്ലബ്ബില്‍ ഇടം നേടി ഈ നേട്ടം കൈവരിക്കുന്ന ആദ്യ ഇംഗ്ലീഷ് താരമായി മാറിയ ആന്‍ഡേഴ്സണ്‍ 42 റണ്‍സ് വഴങ്ങി ഏഴു വിക്കറ്റെടുത്തപ്പോള്‍ രണ്ടാം ഇന്നിംഗ്സില്‍ വിന്‍ഡീസ് 177 റണ്‍സിന് പുറത്തായി. വിജയലക്ഷ്യമായ 107 റണ്‍സ് ഇംഗ്ലണ്ട് അലിസ്റ്റര്‍ കുക്കിന്റെ മാത്രം വിക്കറ്റ് നഷ്ടത്തില്‍ മറികടന്നു. ജയത്തോടെ മൂന്ന് മത്സര പരമ്പ 2-1ന് ഇംഗ്ലണ്ട് സ്വന്തമാക്കി. സ്കോര്‍ വെസ്റ്റ് ഇന്‍ഡീസ് 123, 177, ഇംഗ്ലണ്ട് 194, 107/1.
ബൗളര്‍മാരെ സഹായിക്കുന്ന പിച്ചില്‍ ഇംഗ്ലണ്ട് നേടിയ 71 റണ്‍സിന്റെ ഒന്നാം ഇന്നിംഗ്സ് ലീഡ് മത്സരത്തില്‍ നിര്‍ണായകമായി. രണ്ടാം ഇന്നിംഗ്സില്‍ അര്‍ധസെഞ്ചുിറി നേടിയ ഷായ് ഹോപ്പും(62), കീറോണ്‍ പവലും(45) മാത്രമെ അല്‍പമെങ്കിലും പൊരുതിനിന്നുള്ളു. 42 റണ്‍സ് വഴങ്ങിയാണ് ആന്‍ഡേഴ്സണ്‍ കരിയറിലെ ഏറ്റവും മികച്ച വിക്കറ്റ് വേട്ട നടത്തിയത്.
നേരത്തെ 46/4 എന്ന നിലയില്‍ ഒന്നാം ഇന്നിംഗ്സ് തുടര്‍ന്ന ഇംഗ്ലണ്ടിനായി ബെന്‍ സ്റ്റോക്സ്(60) തിളങ്ങിയപ്പോള്‍ വാലറ്റത്ത് സ്റ്റുവര്‍ട്ട് ബ്രോഡും(38) റോളണ്ട് ജോണ്‍സും(13) നടത്തിയ ചെറുത്തുനില്‍പ്പ് ഇംഗ്ലണ്ടിന് ഭേദപ്പെട്ട ലീഡ് നല്‍കി.
