ലണ്ടന്‍: രാജ്യാന്തര സൗഹൃദ മത്സരത്തില്‍ ശക്തരായ ബ്രസീലിനെ പിടിച്ചുകെട്ടി ഇംഗ്ലണ്ട്. ജപ്പാനെ 3-1ന് തളച്ചതിന്‍റെ ആത്മവിശ്വാസത്തില്‍ മൈതാനത്തിറങ്ങിയ ബ്രസീലിനെ ഗോള്‍രഹിത സമനിലയില്‍ ഇംഗ്ലണ്ട് വീഴ്‌ത്തി. ജര്‍മനി- ഫ്രാന്‍സ് പോരാട്ടവും സ്പെയിന്‍- റഷ്യ മത്സരവും സമനിലയില്‍ അവസാനിച്ചപ്പോള്‍ പോര്‍ച്ചുഗലിനെ അമേരിക്കയും സമനിലയില്‍ തളച്ചു. 

ബ്രസീലിന്‍റെ കളിമികവിന് മുന്നില്‍ പിടിച്ചുനില്‍ക്കാന്‍ ഇംഗ്ലണ്ട് പാടുപെട്ടെങ്കിലും ഗോള്‍വല കാക്കാന്‍ ടീമിനായി. അതേസമയം യൂറോപ്യന്‍ ശക്തികളായ ജര്‍മനി- ഫ്രാന്‍സ് പോരാട്ടത്തില്‍ ഇരു ടീമുകളും രണ്ട് ഗോളുകള്‍ വീതം നേടി. അമ്പത്തിയാറാം മിനുറ്റില്‍ വെര്‍ണറും എക്സ്ട്രാ ടൈമില്‍ സ്റ്റിന്‍ഡിലുമാണ് ജര്‍മ്മനിക്ക് വേണ്ടി ഗോള്‍ നേടിയത്. ലക്കാസറ്റെയാണ് ഫ്രാന്‍സിനായി രണ്ട് ഗോള്‍ നേടിയത്

ശക്തരായ സ്പെയിനിനെ പിടിച്ചു നിര്‍ത്തിയ റഷ്യ മൂന്ന് തവണ സ്പെയിനിന്‍റെ ഗോള്‍വല ചലിപ്പിച്ചു. സെര്‍ജിയോ റമോസിന്‍റെ പിഴക്കാതെ രണ്ട് പെനാള്‍റ്റികളും ആല്‍ബയുടെ ഗോളുമാണ് സ്പെയിനിന് തുണയായത്. എന്നാല്‍ സ്മൊ‌ലോവ് രണ്ടും മിറാന്‍ചക്ക് ഒരു ഗോളും നേടിയതോടെ റഷ്യ സമനില ഉറപ്പിച്ചു. അതേസമയം അമേരിക്ക നല്‍കിയ ഒരു ഗോള്‍ മടക്കാനല്ലാതെ കളിക്കളത്തില്‍ കൂടുതല്‍ നേട്ടമുണ്ടാക്കാന്‍ പോര്‍ച്ചുഗലിനായില്ല.