ഇന്ത്യക്കാര്‍ക്ക് സുപരിചിതമാണ് ഈ ക്രിക്കറ്റ് താരത്തെ
ലണ്ടന്: ഇംഗ്ലീഷ് വനിതാ ക്രിക്കറ്റര് ഡാനിയേല വ്യാറ്റിനെ ഇന്ത്യക്കാര്ക്ക് സുപരിചിതമാണ്. ടി20 ലോകകപ്പിനിടെ ഇന്ത്യന് നായകന് വിരാട് കോലിയോട് പരസ്യമായി പ്രണയാഭ്യര്ത്ഥന നടത്തി ആരാധകരെ സൃഷ്ടിച്ച താരമാണ് വ്യാറ്റ്. പിന്നീടൊരിക്കല് കോലി സമ്മാനിച്ച ബാറ്റില് അദേഹത്തിന്റെ പേര് തെറ്റായി എഴുതി ഇന്ത്യന് ആരാധകരുടെ ട്രോളുകളും വ്യാറ്റ് ഏറ്റുവാങ്ങിയിരുന്നു.
2014ല് ഇന്ത്യയും ഇംഗ്ലണ്ടും തമ്മിലുള്ള പരിശീലന മത്സരത്തിനിടെയായിരുന്നു കോലി തന്റെ ബാറ്റ് വ്യാറ്റിന് സമ്മാനിച്ചത്. നാളുകള്ക്ക് ശേഷം കോലി തന്ന ബാറ്റ് ഉപയോഗിച്ച് പരിശീലനം നടത്താനൊരുങ്ങുന്ന കാര്യം ട്വിറ്ററിലൂടെ ആരാധകരെ ഇംഗ്ലീഷ് താരം അറിയിച്ചിരുന്നു. എന്നാല് ഇപ്പോള് കോലിയുടെ ബാറ്റുപയോഗിച്ച് ഇന്ത്യയില് കളിക്കാനുള്ള ഒരുക്കത്തിലാണ് ഡാനിയേല വ്യാറ്റ്.
ഇന്ത്യ ആതിഥേയത്വമരുളുന്ന ത്രിരാഷ്ട്ര ടി20യില് ഡാനിയേല കോലിയുടെ ബാറ്റുപയോഗിച്ചാകും കളിക്കുക. ഇന്ത്യന് വനിതകളെ കൂടാതെ ഇംഗ്ലണ്ട്, ഓസ്ട്രേലിയ ടീമുകളാണ് ത്രിരാഷ്ട്ര ടി20യില് ഏറ്റുമുട്ടുന്നത്. മാര്ച്ച് 23ന് ഓസീസിനെതിരായ മത്സരത്തില് ഡാനിയേല ഈ ബാറ്റ് ഉപയോഗിക്കും. മാര്ച്ച് 24ന് ഇന്ത്യയ്ക്കെതിരായ മത്സരത്തിലും ഈ ബാറ്റുമായാവും വ്യാറ്റ് കളിക്കാനിറങ്ങുക.
ഇഎസ്പിഎന് ക്രിക് ഇന്ഫോയ്ക്ക് നല്കിയ അഭിമുഖത്തിലാണ് ഡാനിയേല വ്യാറ്റ് ഇക്കാര്യം അറിയിച്ചത്. കോലിയോട് പ്രണയം തുറന്നുപറഞ്ഞപ്പോളുണ്ടായ ഇന്ത്യക്കാരുടെ പ്രതികരണം ഞെട്ടിച്ചെന്നും വ്യാറ്റ് പറയുന്നു.
