ദുബായ്: ക്രിക്കറ്റില്‍ ഒരുപാട് വിരോചിത പ്രകടനങ്ങള്‍ നമ്മള്‍ കണ്ടിട്ടുണ്ടാവും. എന്നാല്‍‍ ഇതുപോലൊന്ന് നമ്മള്‍ കണ്ടിട്ടുണ്ടാവില്ല. പറഞ്ഞുവരുന്നത് ദുബായില്‍ നടന്ന അംഗപരിമിതരുടെ ഐസിസി അക്കാദമി ദുബായ് ഇന്‍വിറ്റേഷനല്‍ ടി20 ക്രിക്കറ്റ് മത്സരത്തിലെ ഒരു കാഴ്ചയെക്കുറിച്ചാണ്. ഇംഗ്ലണ്ടും പാക്കിസ്ഥാനും തമ്മിലുള്ള ട്വന്റി-20 ക്രിക്കറ്റ് മത്സരത്തിലായിരുന്നു ആരാധകരുടെ ഹൃദയത്തില്‍ തൊടുന്ന ആ നിമിഷം പിറന്നത്.

പാക്കിസ്ഥാന്‍ ബാറ്റിംഗിനിടെ സ്ക്വയര്‍ലെഗ് ബൗണ്ടറിയില്‍ ഫീല്‍ഡ് ചെയ്യുകയായിരുന്നു ഇംഗ്ലീഷ് താരം ലിയാം തോമസ്. പാക് ബാറ്റ്സ്മാന്‍ അടിച്ച പന്ത് ബൗണ്ടറിയിലേക്ക് പോകുന്നതിന് തടയാനായി ലിയാം തോമസ് മുഴുനീള ഡൈവ് ചെയ്തു. സാധാരണ എല്ലാ ഫീല്‍ഡര്‍മാരും ചെയ്യാറുള്ള കാര്യമാണെങ്കിലും ഒരു കാലില്ലാത്ത തോമസ് അത് ചെയ്തപ്പോള്‍ അദ്ദേഹത്തിന്റെ വെപ്പുകാല്‍ ഗ്രൗണ്ടില്‍ അഴിഞ്ഞുവീണു.

എന്നാല്‍ ഇതൊന്നും കാര്യമാക്കാതെ പന്ത് തടുത്തിട്ടശേഷം ഒരു കാലിലൂന്നി പന്ത് വിക്കറ്റ് കീപ്പര്‍ക്ക് ത്രോ ചെയ്ത തോമസ് തിരികെ ഒറ്റക്കാലില്‍ തന്നെ വന്ന് വെപ്പുകാലെടുത്ത് തിരിച്ചുവെച്ച് ഒന്നും സംഭവിക്കാത്തതുപോലെ ഫീല്‍ഡ് ചെയ്തു. എന്നാല്‍ നിര്‍ഭാഗ്യവശാല്‍ തോമസിന്റെ ഹീറോയിസത്തിനും ഇംഗ്ലണ്ടിനെ തോല്‍വിയില്‍ നിന്ന് രക്ഷിക്കാനായില്ല. ഇംഗ്ലണ്ട് ഉയര്‍ത്തിയ 137 റണ്‍സിന്റെ വിജയലക്ഷ്യം പാക്കിസ്ഥാന്‍ നാലു പന്ത് ബാക്കി നില്‍ക്കെ മറികടന്നു.