ജയിക്കാന്‍ 285 റണ്‍സുമായി ബാറ്റുചെയ്‌ത ബംഗ്ലാദേശിന് അവസാനദിവസം രണ്ടു വിക്കറ്റ് ശേഷിക്കെ 33 റണ്‍സ് മാത്രം മതിയായിരുന്നു. എന്നാല്‍ 10 റണ്‍സ് എടുത്തപ്പോഴേക്കും, രണ്ടു വിക്കറ്റുകളും അവര്‍ക്ക് നഷ്‌ടമായി. അവസാന ദിവസം 19 മിനുട്ട് നേരം പിന്നിട്ടപ്പോള്‍ ബംഗ്ലാ ഇന്നിംഗ്സിന് തിരശീല വീഴുകയായിരുന്നു. മൂന്നു പന്തുകള്‍ക്കിടയില്‍ തൈജുള്‍ ഇസ്ലാം, ഷാഫിയുള്‍ ഇസ്ലാം എന്നിവരെ വിക്കറ്റിന് മുന്നില്‍ കുടുക്കിയ ബെന്‍ സ്റ്റോക്ക്സാണ് ബംഗ്ലാദേശിന്റെ ഇന്നത്തെ രണ്ടു വിക്കറ്റുകളും സ്വന്തമാക്കിയത്. സാബിര്‍ റഹ്‌മാന്‍ 64 റണ്‍സുമായി പുറത്താകാതെ നിന്നെങ്കിലും വാലറ്റത്തെ രണ്ടു വിക്കറ്റുകളും പെട്ടെന്ന് നഷ്‌ടമായതോടെ ബംഗ്ലാദേശ് തോല്‍വിയിലേക്ക് വീഴുകയായിരുന്നു. ഇംഗ്ലണ്ടിനുവേണ്ടി ഗാരത് ബാറ്റി മൂന്നു വിക്കറ്റെടുത്തു. ബെന്‍ സ്റ്റോക്ക്, സ്റ്റുവര്‍ട്ട് ബ്രോഡ്, മൊയിന്‍ അലി എന്നിവരും രണ്ടു വിക്കറ്റ് വീതം വീഴ്‌ത്തി. ബെന്‍ സ്റ്റോക്‌സിന്റെ ഓള്‍ റൗണ്ട് പ്രകടനമാണ് ഇംഗ്ലണ്ടിന് ജയം സമ്മാനിച്ചത്. ഇരു ഇന്നിംഗ്സുകളില്‍നിന്നുമായി ആറു വിക്കറ്റെടുത്ത സ്റ്റോക്ക്‌സ്, രണ്ടാം ഇന്നിംഗ്സില്‍ ഇംഗ്ലണ്ടിനുവേണ്ടി 85 റണ്‍സ് നേടുകയും ചെയ്‌തിരുന്നു. അവസാന ദിവസത്തെ രണ്ടു വിക്കറ്റുകളും വീഴ്‌ത്തി ഇംഗ്ലണ്ടിന് വിജയമൊരുക്കിയ ബെന്‍ സ്റ്റോക്ക്‌സ് തന്നെയാണ് മാന്‍ ഓഫ് ദ മാച്ച്.

സ്‌കോര്‍- ഇംഗ്ലണ്ട് 293 & 240, ബംഗ്ലാദേശേ് 248 & 263