നോട്ടിംഗ്‌ഹാം: ഏകദിന ക്രിക്കറ്റിലെ ഏറ്റവും ഉയര്‍ന്ന ടീം ടോട്ടലിന്റെ റെക്കോര്‍ഡ് തകര്‍ത്ത് ഇംഗ്ലണ്ട്.പാക്കിസ്ഥാനെതിരായ മൂന്നാം ഏകദിനത്തില്‍ ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ഇംഗ്ലണ്ട് 50 ഓവറില്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 444 റണ്‍സടിച്ചാണ് ഏകദിന ക്രിക്കറ്റിലെ ഏറ്റവും ഉയര്‍ന്ന ടീം ടോട്ടലിന്റെ റെക്കോര്‍ഡ് തകര്‍ത്തത്. 2006ല്‍ നെതര്‍ലന്‍ഡ്സിനെതിരെ ശ്രീലങ്ക നേടിയ 443 റണ്‍സിന്റെ റെക്കോര്‍ഡാണ് ഇംഗ്ലണ്ട് മറികടന്നത്.

തുടക്കത്തിലെ ജേസണ്‍ റോയിയെ(15) നഷ്ടമായെങ്കിലും122 പന്തില്‍ 171 റണ്‍സടിച്ച അലക്സ് ഹെയില്‍സും 85 റണ്‍സടിച്ച ജോ റൂട്ടും ചേര്‍ന്ന് രണ്ടാം വിക്കറ്റില്‍ 248 റണ്‍സടിച്ചുകൂട്ടി. റൂട്ട് പുറത്തായശേഷം ക്രീസിലെത്തിയ ജോസ് ബട്‌ലറും മോശമാക്കിയില്ല. 51 പന്തില്‍ ബട്‌ലര്‍ അടിച്ചത് 90 റണ്‍സ്. ഹെയ്ല്‍സ് പുറത്തായശേഷം ക്രീസിലെത്തിയ ക്യാപ്റ്റന്‍ ഓയിന്‍ മോര്‍ഗന്‍ 27 പന്തില്‍ 57 റണ്‍സടിച്ചു. ബട്‌ലറും മോര്‍ഗനും ചേര്‍ന്ന് അവസാന 12 ഓവറില്‍ അടിച്ചുകൂട്ടയിത് 163 റണ്‍സായിരുന്നു.

ഏകദിന ക്രിക്കറ്റില്‍ ഇംഗ്ലണ്ട് താരത്തിന്റെ ഏറ്റവും ഉയര്‍ന്ന വ്യക്തിഗത സ്കോറെന്ന റെക്കോര്‍ഡും ഹെയ്ല്‍സ് സ്വന്തമാക്കി. മത്സരത്തില്‍ 59 ബൗണ്ടറികള്‍ അടിച്ചുകൂട്ടിയ ഇംഗ്ലണ്ട് ഒരു ഏകദിന മത്സരത്തില്‍ ഏറ്റവും കൂടുതല്‍ ബൗണ്ടറിയെന്ന റെക്കോര്‍ഡും സ്വന്തമാക്കി. 10 ഓവറില്‍ 110 റണ്‍സ് വഴങ്ങിയ വഹാബ് റിയാസാണ് പാക് ബൗളര്‍മാരില്‍ ഏറ്റവും കൂടുതല്‍ പ്രഹരമേറ്റുവാങ്ങിയത്.