സോഷ്യൽ മീഡിയയില്‍ പ്രചരിക്കുന്ന വീഡിയോയിൽ റബാഡയ്‌ക്കൊപ്പം ഗുജറാത്ത് ടൈറ്റൻസ് മാനേജ്‌മെന്‍റുമായി ബന്ധപ്പെട്ടതെന്ന് കരുതുന്ന മറ്റ് ചില വ്യക്തികളെയും കാണാം.
അഹമ്മദാബാദ്: ഐപിഎല്ലില്‍ മുംബൈ ഇന്ത്യൻസിനോട് കൂറ്റൻ തോല്‍വി വഴങ്ങിയതിന് പിന്നാലെ ഗുജറാത്ത് ടൈറ്റൻസ് ടീമിനെ ആശങ്കയിലാക്കി സ്റ്റാർ പേസർ കഗിസോ റബാഡയുടെ വിവാദ വീഡിയോ പുറത്ത്. ടീം ഹോട്ടലിലിൽ ഇരുന്ന് റബാഡ പുകവലിക്കുന്ന വീഡിയോ ദൃശ്യങ്ങളാണ് സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നത്. വീഡിയോയുടെ ആധികാരികത ഇതുവരെ സ്ഥിരീകരിച്ചിട്ടില്ലെങ്കിലും ആരാധകർക്കിടയിൽ ഇത് വലിയ പ്രതിഷേധത്തിന് കാരണമായിട്ടുണ്ട്.
സോഷ്യൽ മീഡിയയില്‍ പ്രചരിക്കുന്ന വീഡിയോയിൽ റബാഡയ്‌ക്കൊപ്പം ഗുജറാത്ത് ടൈറ്റൻസ് മാനേജ്‌മെന്‍റുമായി ബന്ധപ്പെട്ടതെന്ന് കരുതുന്ന മറ്റ് ചില വ്യക്തികളെയും കാണാം. എന്നാൽ ഇത് എപ്പോൾ എടുത്തതാണെന്നോ എവിടെ വെച്ചാണെന്നോ വ്യക്തമല്ല. സംഭവത്തില്‍ റാബഡയുടെയോ ഗുജറാത്ത് ടീമിന്‍റെയോ ഭാഗത്ത് നിന്ന് ഇതുവരെ ഔദ്യോഗിക വിശദീകരണമൊന്നും വന്നിട്ടില്ല. നേരത്തെ യുസ്‌വേന്ദ്ര ചഹലിന്‍റേതെന്ന പേരിൽ പുകവലിക്കുന്ന ദൃശ്യങ്ങൾ പ്രചരിച്ചത് വലിയ വിവാദമായിരുന്നു. ഇത്തരത്തിൽ റബാഡയുടെ വീഡിയോയും എഡിറ്റ് ചെയ്ത് പ്രചരിപ്പിക്കുന്നതാണെന്ന വാദവും ഉയരുന്നുണ്ട്.
പുതിയ വിവാദത്തിന് പിന്നാലെ റബാഡയുടെ കഴിഞ്ഞ വർഷത്തെ വിലക്കും വീണ്ടും വാർത്തകളിൽ നിറയുകയാണ്. മുൻ സീസണിൽ ഡോപ്പിംഗ് നിയമങ്ങൾ ലംഘിച്ചതുമായി ബന്ധപ്പെട്ട് സൗത്ത് ആഫ്രിക്കൻ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ഡ്രഗ് ഫ്രീ സ്പോർട്സ് റബാഡയ്ക്ക് ഒരു മാസത്തെ വിലക്ക് ഏർപ്പെടുത്തിയിരുന്നു. ഇതേത്തുടർന്ന് സീസണിനിടയിൽ താരത്തിന് നാട്ടിലേക്ക് മടങ്ങേണ്ടി വന്നിരുന്നു. ഈ ചരിത്രം കൂടി കണക്കിലെടുത്ത് കടുത്ത നടപടി ഉണ്ടാകുമോ എന്നാണ് ആരാധകർ ഉറ്റുനോക്കുന്നത്.
ഈ സീസണിൽ ഗുജറാത്തിന്‍റെ വിക്കറ്റ് വേട്ടക്കാരിൽ മുന്നിലാണ് റബാഡ. 6 മത്സരങ്ങളിൽ നിന്ന് 10 വിക്കറ്റുകൾ വീഴ്ത്തി പർപ്പിൾ ക്യാപ് പോരാട്ടത്തിലും മുമ്പിലുണ്ട്. മുംബൈക്കെതിരായ മത്സരത്തില്‍ 3 മുന്‍നിര വിക്കറ്റുകള്‍ വീഴ്ത്തി റബാഡ തിളങ്ങിയിരുന്നു. പോയിന്‍റ് പട്ടികയിൽ ആറാം സ്ഥാനത്തുള്ള ഗുജറാത്തിന് പ്ലേ ഓഫ് ഉറപ്പിക്കാൻ വരും മത്സരങ്ങൾ ജയിച്ചേ തീരൂ. ഏപ്രിൽ 24-ന് ചിന്നസ്വാമി സ്റ്റേഡിയത്തിൽ റോയൽ ചലഞ്ചേഴ്‌സ് ബെംഗളൂരുവിനെ നേരിടാനിരിക്കെ ഇത്തരം വിവാദങ്ങൾ ടീമിന്‍റെ ആത്മവീര്യം തകര്‍ക്കുമെന്നാണ് ആരാധകര്‍ കരുതുന്നത്.
