=ഇന്ത്യ എയ്‌ക്കെതിരെ രണ്ടാം ഏകദിനത്തില്‍ ഇംഗ്ലണ്ട് ലയണ്‍സിന് 304 റണ്‍സ് വിജയലക്ഷ്യം. ക്യാപ്റ്റന്‍ അജിന്‍ക്യ രഹാനെ (91), ഹനുമ വിഹാരി (92), ശ്രേയസ് അയ്യര്‍ (65) എന്നിവരുടെ അര്‍ധ സെഞ്ചുറികളുടെ കരുത്തില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 303 റണ്‍സാണ് ഇന്ത്യ നേടിയത്.

തിരുവനന്തപുരം: ഇന്ത്യ എയ്‌ക്കെതിരെ രണ്ടാം ഏകദിനത്തില്‍ ഇംഗ്ലണ്ട് ലയണ്‍സിന് 304 റണ്‍സ് വിജയലക്ഷ്യം. ക്യാപ്റ്റന്‍ അജിന്‍ക്യ രഹാനെ (91), ഹനുമ വിഹാരി (92), ശ്രേയസ് അയ്യര്‍ (65) എന്നിവരുടെ അര്‍ധ സെഞ്ചുറികളുടെ കരുത്തില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 303 റണ്‍സാണ് ഇന്ത്യ നേടിയത്. സാക് ചാപ്പല്‍ ഇംഗ്ലണ്ടിന് വേണ്ടി രണ്ട് വിക്കറ്റ് നേടി. അഞ്ച് ഏകദിനങ്ങളുള്ള പരമ്പരയില്‍ ആദ്യ മത്സരം ഇന്ത്യ വിജയിച്ചിരുന്നു. 

ടോസ് നേടിയ ഇംഗ്ലണ്ട് ഇന്ത്യയെ ബാറ്റിങ്ങിനയക്കുകയായിരുന്നു. തുടക്കത്തില്‍ ഓപ്പണര്‍ അന്‍മോള്‍പ്രീത് സിങ്ങിനെ (7) നഷ്ടമായെങ്കിലും രഹാനെ- വിഹാരി കൂട്ടുക്കെട്ട് ഇന്ത്യയെ കൈപ്പിടിച്ചുയര്‍ത്തി. ഇരുവരും 181 റണ്‍സാണ് കൂട്ടിച്ചേര്‍ത്തത്. 83 പന്തില്‍ എട്ട് സിക്‌സും നാല് ഫോറും ഉള്‍പ്പെടുന്നതായിരുന്നു വിഹാരിയുടെ ഇന്നിങ്‌സ്. 

രഹാനെ നാല് ഫോറും നാല് സിക്‌സും കണ്ടെത്തി. അവസാന ഓവറുകളില്‍ ശ്രേയസ് അയ്യരുടെ പ്രകടനമാണ് സ്‌കോര്‍ 300 കടത്തിയത്. രണ്ട് സിക്‌സും അഞ്ച് സിക്‌സും അടങ്ങുന്നതാണ് ശ്രേയസിന്റെ ഇന്നിങ്‌സ്. അങ്കിത് ബാവ്‌നെ (18), ഇഷാന്‍ കിഷന്‍ (3) എന്നിവരാണ് പുറത്തായ മറ്റു ബാറ്റ്‌സ്മാന്മാര്‍. അക്‌സര്‍ പട്ടേല്‍ (8), ഷാര്‍ദുല്‍ ഠാകൂര്‍ (0) പുറത്താവാതെ നിന്നു.