കട്ടക്ക്: ഏകദിന പരമ്പരയിലെ രണ്ടാം മത്സരത്തില്‍ ഇന്ത്യക്കെതിരെ ടോസ് നേടിയ ഇംഗ്ലണ്ട് ഫീല്‍ഡിംഗ് തെരഞ്ഞെടുത്തു. രാത്രിയിലെ കനത്ത മഞ്ഞു വീഴ്ച ബൗളിംഗ് ദുഷ്കരമാക്കുമെന്നതിനാല്‍ മികച്ച സ്കോര്‍ കണ്ടെത്തേണ്ടത് ഇന്ത്യക്ക് അനിവാര്യമാണ്. ആദ്യ മത്സരം തോറ്റ ഇംഗ്ലണ്ടിനാകട്ടെ ഇന്നു ജയിച്ചാല്‍ മാത്രമെ പരമ്പരയില്‍ നിലനില്‍പ്പുള്ളു.

ആദ്യ മത്സരം കളിച്ച ടീമില്‍ ഓരോ മാറ്റവുമായാണ് ഇരു ടീമും ഇറങ്ങുന്നത്. പേസ് ബൗളര്‍ ഉമേഷ് യാദവിന് പകരം ഇന്ത്യ ഭുവനേശ്വര്‍ കുമാറിനെ അന്തിമ ഇലവനില്‍ ഉള്‍പ്പെടുത്തി. ആദ്യ മത്സരത്തില്‍ തിളങ്ങായിരുന്ന ശീഖര്‍ ധവാനെയെും കെഎല്‍ രാഹുലിനെയും യുവരാജ് സിംഗിനെയും നിലനിര്‍ത്തിയപ്പോള്‍ അജിങ്ക്യാ രഹാനെ ഒരിക്കല്‍ കൂടി പുറത്തായി.

ഒരുവര്‍ഷത്തിനുശേഷമാണ് ഭുവനേശ്വര്‍ കുമാര്‍ ഏകദിന ടീമില്‍ കളിക്കുന്നത്. ഇംഗ്ലണ്ട് ആദ്യ മത്സരത്തില്‍ നിറം മങ്ങിയ ലെഗ് സ്പിന്നര്‍ ആദില്‍ റഷീദിന് പകരം പേസര്‍ ലിയാം പ്ലങ്കറ്റിനെ അന്തിമ ഇവനില്‍ ഉള്‍പ്പെടുത്തി.