മംബൈ: ഇംഗ്ലണ്ടിനെതിരായ നാലാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യയ്ക്കും വിജയത്തിനും ഇടയില്‍ നാലു വിക്കറ്റ് അകലം. 231 റണ്‍സിന്റെ ഒന്നാം ഇന്നിംഗ്സ് കടവുമായി നാലാം ദിനം ലഞ്ചിനുശേഷം ക്രീസിലിറങ്ങിയ ഇംഗ്ലണ്ട് സ്റ്റമ്പെടുക്കുമ്പോള്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 182 റണ്‍സെന്ന നിലയിലാണ്. ഇന്നിംഗ്സ് പരാജയം ഒഴിവാക്കാന്‍ ഇനിയും വേണ്ടത് 49 റണ്‍സ്. 50 റണ്‍സുമായി ക്രീസില്‍ നില്‍ക്കുന്ന ജോണി ബെയര്‍സ്റ്റോയിലും ക്രിസിലിറങ്ങാനിരിക്കുന്ന ജോസ് ബട്‌ലറിലുമാണ് ഇനി ഇംഗ്ലണ്ടിന്റെ അവസാന പ്രതീക്ഷ.

പൊടിപാറുന്ന പിച്ചില്‍ അവസാന ദിവസം ആദ്യസെഷനപ്പുറം ഇംഗ്ലണ്ടിന് പിടിച്ചുനില്‍ക്കാനായാല്‍തന്നെ അത് അത്ഭുതമായിരിക്കും. ബെയര്‍സ്റ്റോയ്ക്ക് പുറമെ 77 റണ്‍സെടുത്ത ജോ റൂട്ടും 18 റണ്‍സ് വീതമെടുത്ത കുക്കും സ്റ്റോക്സും മാത്രമാണ് ഇംഗ്ലീഷ് നിരയില്‍ രണ്ടക്കം കടന്നവര്‍. ആദ്യ ഓവറില്‍തന്നെ ആദ്യ ഇന്നിംഗ്സിലെ സെഞ്ചുറി വീരന്‍ കീറ്റണ്‍ ജെന്നിംഗ്സിനെ വിക്കറ്റിന് മുന്നില്‍ കുടുക്കിയ ഭുവനേശ്വര്‍കുമാറാണ് ഇംഗ്ലീഷ് തകര്‍ച്ചയ്ക്ക് തുടക്കമിട്ടത്. കുക്കിനെ ജഡേജ വിക്കറ്റിന് മുന്നില്‍ കുടുക്കിയപ്പോള്‍ റൂട്ടിനെ ജയന്ത് യാദവ് വിക്കറ്റിന് മുന്നില്‍ പൂട്ടി. മോയിന്‍ അലി(0) വന്നതും പോയതും പെട്ടെന്നായിരുന്നു. ജഡേജയായിരുന്നു അലിയെ വീഴ്‌ത്തിയത്. ഇംഗ്ലണ്ടിന്റെ ആദ്യ നാലു വിക്കറ്റുകളും സ്വന്തമാക്കുന്നത് കാഴ്ചക്കാരനായി നോക്കി നിന്ന അശ്വിന്‍ സ്റ്റോക്സിനെയും ബോളിനെയും(2) വീഴ്ത്തി ഇംഗ്ലണ്ടിന്റെ തകര്‍ച്ചയ്ക്ക് ആക്കം കൂട്ടി.

നേരത്തെ 51 റണ്‍സിന്റെ ഒന്നാം ഇന്നിംഗ്സ് ലീഡിന്റെ കരുത്തില്‍ ക്രീസിലിറങ്ങിയ ഇന്ത്യ പരമാവധി പ്രതീക്ഷിത് 100 റണ്‍സ് ലീഡായിരുന്നു. എന്നാല്‍ ക്യാപ്റ്റന്‍ കൊഹ്‌ലിയ്ക്ക് ജയന്ത് യാദവ് മികച്ച പങ്കാളിയായപ്പോള്‍ ഇന്ത്യന്‍ ലീഡ് 100ഉം 200ഉം കടന്നു. ഇതിനിടെ കൊഹ്‌ലി ഈ വര്‍ഷം തന്റെ മൂന്നാമത്തെ ഡബിളും സ്വന്തമാക്കി. ക്യാപ്റ്റനെന്ന നിലയില്‍ ഇന്ത്യന്‍ താരത്തിന്റെ ഏറ്റവും ഉയര്‍ന്ന സ്കോറും കൊഹ്‌ലി സ്വന്തം പേരിലെഴുതി.

ഒമ്പതാമനായി ക്രീസിലിറങ്ങിയ ജയന്ത് യാദവ് തന്റെ മൂന്നാം ടെസ്റ്റില്‍ തന്നെ സെഞ്ചുറി അടിച്ച് റെക്കോര്‍ഡിട്ടു. ആദ്യമായാണ് ഒമ്പതാമനായി ക്രീസിലിറങ്ങിയ താരം ഇന്ത്യക്കായി സെഞ്ചുറി നേടുന്നത്. ജയന്ത് യാദവ്(104) വീണതിന് പിന്നാലെ കൊഹ്‌ലിയും(235) മടങ്ങിയതോടെ ഇന്ത്യന്‍ ഇന്നിംഗ്സ് 631 റണ്‍സില്‍ അവസാനിച്ചു. എട്ടാം വിക്കറ്റ് കൂട്ടുകെട്ടില്‍ കൊഹ്‌ലി-ജയന്ത് യാദവ് സഖ്യം 244 റണ്‍സാണ് അടിച്ചെടുത്തത്.