15 വയസുകാരൻ അടിച്ചൊതുക്കിയതിന്റെ ക്ഷതമുണ്ട് മുംബൈക്കും ബെംഗളൂരുവിന്. പോയിന്റ് പട്ടികയിലേക്ക് കണ്ണോടിച്ചാല്‍ ജയം അനിവാര്യമായത് ഹാര്‍ദിക്കിന്റെ സംഘത്തിന് തന്നെയാണ്

2025, ഏപ്രില്‍ ഏഴ്. കൃണാല്‍ പണ്ഡ്യ ആ മത്സരത്തിലെ അവസാന പന്ത് എറിഞ്ഞ് പൂര്‍ത്തിയാകുമ്പോള്‍ മുംബൈ ഇന്ത്യൻസ് ആരാധകര്‍ക്ക് ഒരിക്കലും മറക്കാനാകാത്ത ഒരു ഫ്രെയിം ജനിച്ചു. കാലങ്ങളോളം വേട്ടയാടാൻ പോകുന്ന ഒന്ന്. പതിറ്റാണ്ടിനിപ്പുറം വാംഖഡെ റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരുവിന് മുന്നില്‍ കീഴടങ്ങിയ നിമിഷം. അന്ന് നിശബ്ദമായ നീലക്കടലിനെ നോക്കി വിരാട് കോലി ആക്രോശിച്ചു. ടെലിവിഷൻ സ്ക്രീനില്‍ കോലിയുടെ ദൃശ്യങ്ങളോടൊപ്പം ഇരുവശങ്ങളിലുമായി രണ്ട് മുഖങ്ങള്‍.

ഒന്ന്, മുംബൈയുടെ നായകൻ ഹാര്‍ദിക്ക് പാണ്ഡ്യ, മറ്റൊരാള്‍ മുംബൈക്കായി ഐപിഎല്‍ വെട്ടിപ്പിടിച്ച രോഹിത് ശര്‍മ. ഹാര്‍ദിക്കിന്റെ മുഖത്ത് അമര്‍ഷം തളം കെട്ടി നില്‍ക്കുന്നുണ്ടായിരുന്നു, അതിന് വല്ലാത്തൊരു രൗദ്രഭാവവും. രണ്ട് സിക്സര്‍ അകലെ നഷ്ടമായ ജയത്തിന്റെ നിരാശ രോഹിതിന്റെ മുഖത്തും. കോലിയുടെ ആ ആഘോഷത്തിന്റെ നീറ്റല്‍ ഹാര്‍ദിക്കിന്റെ ഉള്ളിലുണ്ടാകും, കാരണം രണ്ട് പേരും മൈതാനത്ത് കൊണ്ടും കൊടുത്തും ഉയര്‍ന്ന് വന്നവരാണ്.

മുംബൈ ഇന്ത്യൻസ് - റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരു പോരിന് വാംഖഡെ തയാറാകുകയാണ്. ഞായറാഴ്ച മുംബൈയുടെ ആകാശത്തിന് കീഴില്‍ ബെംഗളൂരുവിനോട് കണക്ക് നീര്‍ക്കുക എന്ന വലിയ ലക്ഷ്യം വിഖ്യാതമായ ബ്ലൂ ആൻഡ് ഗോള്‍ഡ് അണിഞ്ഞിറങ്ങുന്ന ഓരോരുത്തര്‍ക്കുമുണ്ടാകും. കോടുക്കാൻ അറിയാമെങ്കില്‍ കൊള്ളാനും തയാറാകണമെന്ന പറഞ്ഞ നാവാണ് കോലിയുടേത്, പകരം വീട്ടാൻ മുംബൈ സ്വന്തം മണ്ണില്‍ ഇറങ്ങുമ്പോള്‍, രജത് പാട്ടിദാറിനും സംഘത്തിനും തടയാനാകുമോ.

15 വയസുകാരൻ അടിച്ചൊതുക്കിയതിന്റെ ക്ഷതമുണ്ട് മുംബൈക്കും ബെംഗളൂരുവിന്. പോയിന്റ് പട്ടികയിലേക്ക് കണ്ണോടിച്ചാല്‍ ജയം അനിവാര്യമായത് ഹാര്‍ദിക്കിന്റെ സംഘത്തിന് തന്നെയാണ്. പക്ഷേ, മുംബൈയും ബെംഗളൂരുവും ഏറ്റുമുട്ടുമ്പോള്‍ അതൊരു അള്‍ട്ടിമേറ്റ് ക്ലാഷ് ആകുന്നതിന് കാരണങ്ങളുണ്ട്. ഒന്ന്, സീസണിലെ ഏറ്റവും ഡെപ്തുള്ള രണ്ട് ബാറ്റിങ് പവര്‍ഹൗസുകളാണ് മുംബൈയും ബെംഗളൂരുവും. അതിങ്ങനെ നീണ്ട് അവസാനിക്കുന്നത് ഏറക്കുറെ ഒൻപതാം നമ്പര്‍ വരെയാണ്.

രാജസ്ഥാനെതിരായ മത്സരം എടുത്ത് നോക്കു, 94-6 എന്ന ഘട്ടത്തില്‍ വീണ ബെംഗളൂരു തങ്ങളുടെ ഇന്നിങ്സ് അവസാനിപ്പിക്കുന്നത് 201-8ലാണ്. ഒൻപതാമനായി ക്രീസിലെത്തിയ ഇംപാക്റ്റ് പ്ലെയര്‍. വെങ്കടേഷ് അയ്യര്‍. നിലവിലെ ചാമ്പ്യന്മാരുടെ ഇത്തവണത്തെ പ്രകടനങ്ങളെടുത്താല്‍ അഗ്രസീവ് ക്രിക്കറ്റിന്റെ പര്യയായമാണ്. വിരാട് കോലിയില്‍ തുടങ്ങുന്ന മേളം കൊട്ടിക്കയറി അവസാനിക്കുമ്പോഴേക്കും മൂന്ന് മത്സരങ്ങളിലും 200 കടന്നു, ചെന്നൈ സൂപ്പര്‍ കിങ്സിനെതിരെ അത് അവസാനിക്കുന്നത് 250ലാണ്, ഹൈദരാബാദ് ഉയര്‍ത്തിയ 202 റണ്‍സ് മറികടന്നത് 94 പന്തിലും.

മുംബൈയുടെ കാര്യവും വ്യത്യസ്തമല്ല. കൊല്‍ക്കത്തയെ എങ്ങനെയാണ് മുംബൈ കീഴടക്കിയതെന്ന് ക്രിക്കറ്റ് ലോകം കണ്ടതാണ്. ഡല്‍ഹിയോടും രാജസ്ഥാനോടും പരാജയപ്പെട്ടെങ്കിലും എഴുതിത്തള്ളാൻ കഴിയുന്ന ഒരുപേര് പോലും മുംബൈയുടെ ബാറ്റിങ് നിരയില്‍ ഇല്ല. ഏഴ് ഹാര്‍ഡ് ഹിറ്റര്‍മാരും രണ്ട് ഓള്‍റൗണ്ടര്‍മാരും അടങ്ങുന്ന ബാറ്റിങ് നിര. രോഹിത് ശര്‍മയില്‍ ആരംഭിക്കുന്നത് എത്തി നില്‍ക്കുന്നത് ദീപക് ചാഹറിലാണ്. ബെംഗളൂരുവിന്റെ അത്ര ബ്രൂട്ടലിറ്റി മുംബൈക്ക് ഉണ്ടോയെന്ന് സംശയമാണ്, പക്ഷേ ഒട്ടും പുറകിലല്ല എന്ന് പറയേണ്ടി വരും.

പ്രത്യേകിച്ചും രോഹിതിന്റെ പുതിയ വേര്‍ഷൻ നല്‍കുന്ന പ്രതീക്ഷ ചെറുതല്ല. സൂര്യകുമാര്‍ യാദവും തിലക് വര്‍മയുമാണ് അല്‍പ്പം ആശങ്ക. റണ്ണൊഴുകുന്ന വാംഖഡയില്‍ ആര് നിര്‍ണായകമാകുമെന്ന് ചോദിച്ചാല്‍ അതിനുത്തരം ജസ്പ്രിത് ബുമ്ര എന്നാണ്. ബുമ്ര ബോള്‍ട്ട് സഖ്യവും ചഹറിന്റെ സ്വിങ്ങും സാന്റനറിന്റെ വിക്കറ്റ് ടേക്കിങ് എബിലിറ്റിയിലുമാകും ഹാര്‍ദിക്ക് പ്രതീക്ഷവെക്കുന്നത്. ബുമ്രയുടേയും ബോള്‍ട്ടിന്റേയും ഓവറുകള്‍ ബെംഗളൂരുവിന്റെ സാധ്യതകളെ നിശ്ചയിക്കാൻ കെല്‍പ്പുള്ളതാണ്.

മറുവശത്തും ഈ പേരുകള്‍ക്കൊപ്പം നില്‍ക്കാൻ കഴിയുന്നവരുണ്ട്. ജോഷ് ഹേസല്‍വുഡിന്റെ മടങ്ങി വരവ് തന്നെ ബെംഗളൂരുവിന് ആത്മവിശ്വാസമാണ്. ഒപ്പം ഭുവനേശ്വര്‍ കുമാറും. പക്ഷേ, ഇരുവര്‍ക്കും അപ്പുറം ഒരു കൃണാല്‍ പാണ്ഡ്യ മാത്രമാണ് പാട്ടിദാറിന്റെ പ്രയോഗിക്കാനുള്ളത്. ബാറ്റിങ്ങില്‍ മുൻതൂക്കം ബെംഗളൂരു നേടുമ്പോള്‍ ബൗളിങ്ങില്‍ മുംബൈ മേല്‍ക്കൈ സ്ഥാപിക്കുന്നു. അതുകൊണ്ട് വാംഖഡയില്‍ സീസണിലെ ഏറ്റവും മികച്ച മത്സരത്തിനായിരിക്കും കളം ഒരുങ്ങുക