ആയിരാമത്തെ ടെസ്റ്റ് കളിച്ച ഇംഗ്ലണ്ട് അവിശ്വസനീയ വിജയവുമായി മടങ്ങിയപ്പോള്‍ ആദ്യ ടെസ്റ്റില്‍ കോലിപ്പട തലതാഴ്ത്തി മടങ്ങി. ബൗളര്‍മാര്‍ മികച്ച പ്രകടനം പുറത്തെടുത്തിട്ടും കോലി ഒഴികെ ബാറ്റിംഗ് നിരയില്‍ ആരും താളം കണ്ടെത്താത്താതിരുന്നതാണ് ഇന്ത്യയെ തോല്‍വിയിലേക്ക് തള്ളിയിട്ടത്. ഇന്ത്യയെ തോല്‍വിയിലേക്ക് നയിച്ച അഞ്ച് കാരണങ്ങള്‍ ഇവയാണ്.

ബര്‍മിംഗ്ഹാം: ആയിരാമത്തെ ടെസ്റ്റ് കളിച്ച ഇംഗ്ലണ്ട് അവിശ്വസനീയ വിജയവുമായി മടങ്ങിയപ്പോള്‍ ആദ്യ ടെസ്റ്റില്‍ കോലിപ്പട തലതാഴ്ത്തി മടങ്ങി. ബൗളര്‍മാര്‍ മികച്ച പ്രകടനം പുറത്തെടുത്തിട്ടും കോലി ഒഴികെ ബാറ്റിംഗ് നിരയില്‍ ആരും താളം കണ്ടെത്താത്താതിരുന്നതാണ് ഇന്ത്യയെ തോല്‍വിയിലേക്ക് തള്ളിയിട്ടത്. ഇന്ത്യയെ തോല്‍വിയിലേക്ക് നയിച്ച അഞ്ച് കാരണങ്ങള്‍ ഇവയാണ്.

1-രണ്ടാം ഇന്നിംഗ്സില്‍ ഇംഗ്ലണ്ടിന്റെ തല അരിഞ്ഞിട്ടും വാലു മുറിക്കാനാവാതിരുന്ന ബൗളിംഗ് നിരയുടെ പ്രകടനം. 87/7 എന്ന നിലയില്‍ തകര്‍ന്നിട്ടും വാലറ്റക്കാരെ കൂട്ടുപിടിച്ച് സാം കുറാന്‍ നടത്തിയ പോരാട്ടമാണ് ഇംഗ്ലണ്ടിന് പൊരുതാവുന്ന ലീഡ് സമ്മാനിച്ചത്. ഇംഗ്ലണ്ടിന്റെ അവസാന നാലു ബാറ്റ്സ്മാന്‍മാര്‍ മാത്രം കൂട്ടിച്ചേര്‍ത്തത് 93 റണ്‍സ്. ഇതില്‍ സാം കുറാന്റെ സംഭാവന മാത്രം 63 റണ്‍സ്. 130ന് അടുത്ത ലക്ഷ്യമായിരുന്നെങ്കില്‍ ഇന്ത്യക്ക് ജയിച്ചുകയറാമായിരുന്നു. ബര്‍മിംഗ്ഹാമില്‍ 150ന് മുകളില്‍ നാലാം ഇന്നിംഗ്സില്‍ നേടുക എന്നത് ശ്രമകരമാണ്.

2-ബ്രോഡും ആന്‍ഡേഴ്സണും നിറം മങ്ങിയ ആദ്യ ഇന്നിംഗ്സില്‍ ഇന്ത്യയുടെ തല അറുത്ത സാം കുറാന്റെ ബൗളിംഗ്. വിജയ്, രാഹുല്‍, ധവാന്‍, ഹര്‍ദ്ദീക് പാണ്ഡ്യ എന്നിവരെ പുറത്താക്കിയ കുറാന്റെ ബൗളിംഗാണ് ആദ്യ ഇന്നിംഗ്സില്‍ ലീഡ് നേടുന്നതില്‍ നിന്ന് ഇന്ത്യയെ തടഞ്ഞത്. രണ്ടാം ഇന്നിംഗ്സില്‍ കോലിക്ക് ശേഷം വിദേശപിച്ചുകളില്‍ ഇന്ത്യയുടെ വിശ്വസ്തനായ രഹാനെയും കുറാന്‍ വീഴ്ത്തി. ഇത് മത്സരഫലത്തില്‍ നിര്‍ണായകമാവുകയും ചെയ്തു.

3- ബാറ്റിംഗ് നിരയില്‍ വിരാട് കോലി ഒഴികെ മറ്റൊരു കളിക്കാരനും അര്‍ധസെഞ്ചുറി പോലും നേടിയില്ല. ആദ്യ ഇന്നിംഗ്സില്‍ മികച്ച തുടക്കം ലഭിച്ചിട്ടും വിജയ്‌യും ധവാനും അത് മുതലാക്കാനാവാതെ പുറത്തായി. കെ എല്‍ രാഹുലാകട്ടെ ആദ്യ ഇന്നിംഗ്സില്‍ അനാവശ്യ ഷോട്ട് കളിച്ചാണ് പുറത്തായത്. ഏറെ പ്രതീക്ഷ അര്‍പ്പിച്ച രഹാനെയും ദിനേശ് കാര്‍ത്തിക്കും രണ്ട് ഇന്നിംഗ്സിലും നിരാശപ്പെടുത്തി. കോലിക്കൊപ്പം പിടിച്ചുനില്‍ക്കാനെങ്കിലും ആരെങ്കിലുമുണ്ടായിരുന്നെങ്കില്‍ മത്സരഫലം തന്നെ മറ്റൊന്നാവുമായിരുന്നു.

4-ആദ്യ ഇന്നിംഗ്സില്‍ ജോണി ബെയര്‍സ്റ്റോ-ജോ റൂട്ട് സഖ്യം നേടിയ 114 റണ്‍സ് ഈ മത്സരത്തിലെ ഏറ്റവും മികച്ച കൂട്ടുകെട്ടായിരുന്നു. മുന്‍നിര തകര്‍ന്നിട്ടും ഏകദിനശൈലിയില്‍ ബാറ്റുവീശിയ ബെയര്‍സ്റ്റോയും മികച്ച പിന്തുണ നല്‍കിയ റൂട്ടും ചേര്‍ന്നാണ് ഇംഗ്ലണ്ടിനെ ആദ്യ ഇന്നിംഗ്സില്‍ മാന്യമായ സ്കോറിലെത്തിച്ചത്. കോലിയുടെ അവിശ്വസനീയ ഫീല്‍ഡിംഗില്‍ റൂട്ട് റണ്ണൗട്ടായില്ലായിരുന്നെങ്കില്‍ ഇംഗ്ലണ്ട് കൂറ്റന്‍ സ്കോറിലേക്ക് കുതിക്കുമായിരുന്നു.

5-സ്ലിപ്പിലെ ഇന്ത്യയുടെ കൈവിട്ട കളിയാണ് മത്സരഫലത്തില്‍ നിര്‍ണായകമായ മറ്റൊരു കാര്യം. സ്ലിപ്പില്‍ മാത്രം രണ്ട് ഇന്നിംഗ്സിലുമായി നാല് അനായാസ ക്യാച്ചുകളാണ് ഇന്ത്യന്‍ ഫീല്‍ഡര്‍മാര്‍ നിലത്തിട്ടത്. ആദ്യ ഇന്നിംഗ്സില്‍ കീറ്റണ്‍ ജെന്നിംഗ്സിനെ രഹാനെ കൈവിട്ടതും നിര്‍ണായകമായി. 13 റണ്‍സില്‍ രക്ഷപ്പെട്ട ജെന്നിംഗ്സ് 43 റണ്‍സെടുത്താണ് പുറത്തായത്. രണ്ടാം ഇന്നിംഗ്സില്‍ ശീഖര്‍ ധവാനായിരുന്നു കൈവിട്ട കളി കളിച്ചത്. സാം കുറാനെ 13 റണ്‍സില്‍ ധവാന്‍ കൈവിട്ടു. 50 റണ്‍സ് കൂടി സ്വന്തം പേരില്‍ കൂട്ടിച്ചേര്‍ത്താണ് കുറാന്‍ മടങ്ങിയത്. ക്യാച്ച് കൈവിട്ടശേഷം ഇംഗ്ലീഷ് ബാറ്റ്സ്മാന്‍മാര്‍ ആകെ നേടിയത് 86 റണ്‍സ്. ഇന്ത്യ തോറ്റത് 30 റണ്‍സിനും.