ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയിലെ ആദ്യ രണ്ടു ടെസ്റ്റുകളും തോറ്റ ഇന്ത്യക്ക് മൂന്നാം ടെസ്റ്റിന് മുമ്പൊരു ആശ്വാസ വാര്‍ത്ത. രണ്ടാം ടെസ്റ്റില്‍ പുറം വേദന അലട്ടിയ ക്യാപ്റ്റന്‍ വിരാട് കോലി മൂന്നാം ടെസ്റ്റില്‍ കളിക്കും. ലോര്‍ഡ്സ് ടെസ്റ്റില്‍ നാലാം ദിനം പുറം വേദനയെത്തുടര്‍ന്ന് കോലി ഫീല്‍ഡിംഗിന് ഇറങ്ങിയിരുന്നില്ല. 

ലണ്ടന്‍: ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയിലെ ആദ്യ രണ്ടു ടെസ്റ്റുകളും തോറ്റ ഇന്ത്യക്ക് മൂന്നാം ടെസ്റ്റിന് മുമ്പൊരു ആശ്വാസ വാര്‍ത്ത. രണ്ടാം ടെസ്റ്റില്‍ പുറം വേദന അലട്ടിയ ക്യാപ്റ്റന്‍ വിരാട് കോലി മൂന്നാം ടെസ്റ്റില്‍ കളിക്കും. ലോര്‍ഡ്സ് ടെസ്റ്റില്‍ നാലാം ദിനം പുറം വേദനയെത്തുടര്‍ന്ന് കോലി ഫീല്‍ഡിംഗിന് ഇറങ്ങിയിരുന്നില്ല.

തുടര്‍ന്ന് ഇന്ത്യ ബാറ്റ് ചെയ്യാനിറങ്ങിയപ്പോള്‍ ആവശ്യമായ സമയം ഗ്രൗണ്ടില്ലാത്തതിനാല്‍ അഞ്ചാമനായാണ് കോലി ക്രീസിലെത്തിയത്. ബാറ്റിംഗിനിടെ കോലിയെ പുറംവേദന അലട്ടുന്നുണ്ടെന്ന് വ്യക്തമാവുകയും ചെയ്തിരുന്നു. എങ്കിലും മൂന്നാം ടെസ്റ്റില്‍ കളിക്കാന്‍ താനുണ്ടാവുമെന്ന് കോലി മത്സരശേഷം പറഞ്ഞു. പുറംവേദന സാരമുള്ളതല്ലെന്നും രണ്ടോ മൂന്നോ ദിവസത്തെ വിശ്രമം കൊണ്ടാ മാറുമെന്നാണ് പ്രതീക്ഷയെന്നും കോലി വ്യക്തമാക്കി.

ഇംഗ്ലണ്ടിനെതിരായ ആദ്യ ടെസ്റ്റില്‍ കോലി സെഞ്ചുറിയും അര്‍ധസെഞ്ചുറിയും നേടിയിരുന്നു. എന്നാല്‍ രണ്ടാം ടെസ്റ്റില്‍ രണ്ട് ഇന്നിംഗ്സിലും കോലിക്ക് 17 റണ്‍സ് വീതമെടുക്കാനെ കഴിഞ്ഞുള്ളൂ. അഞ്ച് മത്സര പരമ്പരയിലെ ആദ്യ രണ്ട് ടെസ്റ്റുകളും തോറ്റ ഇന്ത്യ 0-2ന് പിന്നിലാണ്. 18 നോട്ടിംഗ്ഹാമിലാണ് മൂന്നാം ടെസ്റ്റ് തുടങ്ങുന്നത്.