ലോര്‍ഡ്സ്: വനിതാ ലോകകപ്പ് കലാശപ്പോരിൽ ഇന്ത്യയ്ക്ക് പരാജയം. 10 റണ്ണിന് ഇന്ത്യയെ തോല്‍പ്പിച്ച് ഇംഗ്ലീഷ് വനിതകള്‍ വിശ്വവിജയം സ്വന്തമാക്കി. ഇംഗ്ലണ്ട് ഉയര്‍ത്തിയ 228 എന്ന റണ്‍ പിന്തുടര്‍ന്ന ഇന്ത്യന്‍ ബാറ്റിംഗ് നിരയ്ക്ക് 48.4 ഓവറില്‍ 219 റണ്‍ എടുക്കാനെ സാധിച്ചുള്ളൂ.

ഇന്ത്യയ്ക്കായി പൂനം റൗത്ത് 115 പന്തില്‍ 86 റണ്‍സ് നേടി. മറുപടി ബാറ്റിംഗിന് ഇറങ്ങിയ ഇന്ത്യക്ക് മോശം തുടക്കമായിരുന്നു. ഓപ്പണർ സ്മൃതി മന്ദാന ഇത്തവണയും നിരാശപ്പെടുത്തി. നാലു പന്തുകൾ നേരിട്ട മന്ദാന സംപൂജ്യയായാണ് പുറത്തായത്. ക്യാപ്റ്റൻ മിഥാലി രാജും (17) വേഗം പുറത്തായതോടെ ഇന്ത്യ പ്രതിരോധത്തിലായി. രണ്ടു വിക്കറ്റ് നഷ്ടമായതോടെ കരുതലോടെ കളിക്കാൻ നിർബന്ധിതമായ കൗറും റൗത്തും വളരെ സാവധാനമായാണ് സ്കോർ ഉയർത്തിയത്. ഇരുവരും ചേർന്ന് 79 പന്തിലാണ് അർധസെഞ്ചുറി കൂട്ടുകെട്ട് സൃഷ്ടിച്ചത്.
എന്നാല്‍ അർധ സെഞ്ചുറിയുമായി സെമിഫൈനലിലെ മിന്നും താരം ഹർമൻ പ്രീത് കൗർ (51) പുറത്തായി. എൺപത് പന്തുകൾ നേരിട്ട കൗർ ഉയർത്തിയടിച്ചാണ് പുറത്തായത്. ഒരു ഘട്ടത്തില്‍ 4-191 എന്ന നിലയിലായിരുന്നു ഇന്ത്യ. എന്നാല്‍ മധ്യനിരയും വാലറ്റവും വിക്കറ്റുകള്‍ വലിച്ചെറിഞ്ഞതോടെ ഇന്ത്യ തോല്‍വിയിലേക്ക് വീഴുകയായിരുന്നു. ഇംഗ്ലണ്ടിനായി ആന്യ ഷബ്ര്സോള് 9.4 ഓവറില്‍ 46 റണ്‍സ് വിട്ടുകൊടുത്ത് 6 വിക്കറ്റ് വീഴ്ത്തി
നേരത്തെ ടോസ് നേടി ബാറ്റിംഗ് തെരഞ്ഞെടുത്ത ഇംഗ്ലണ്ട് നിശ്ചിത 50 ഓവറിൽ ഏഴു വിക്കറ്റ് നഷ്ടപ്പെടുത്തി 228 റൺസ് നേടി. നതാലിയ സ്കിവറിന്റെ (51) അർധസെഞ്ചുറിയും സാറാ ടെയ്ലറുടെ (45) മികച്ച പ്രകടനവുമാണ് ഇംഗ്ലണ്ടിന് ഭേദപ്പെട്ട സ്കോർ നൽകിയത്.
ഓപ്പണർമാരായ ലോറൻ വിൻഫീൽഡും (24), ടമി ബ്യുമൗണ്ടും (23) ഭേദപ്പെട്ട തുടക്കം നൽകിയിട്ടും ഇംഗ്ലണ്ടിന് മുതലാക്കാനായില്ല. സ്കിവറിന്റെയും സാറാ ടെയ്ലറിന്റെയും കൂട്ടുകെട്ടാണ് ഇംഗ്ലണ്ടിനെ രക്ഷപെടുത്തിയത്. കാതറിൻ ബ്രണ്ടും (34) ഭേദപ്പെട്ട ബാറ്റിംഗ് നടത്തി.
ഇന്ത്യൻ ബൗളർമാരുടെ മികച്ച ബൗളിംഗാണ് ഇംഗ്ലണ്ടിനെ ചെറുസ്കോറിൽ ഒതുക്കിയത്. പത്തോവറിൽ 23 റൺസ് മാത്രം വഴങ്ങി മൂന്നു വിക്കറ്റ് സ്വന്തമാക്കിയ ജുലന് ഗോസ്വാമിയും രണ്ടു വിക്കറ്റ് പിഴുത പൂനം യാദവും ഇംഗ്ലണ്ടിനെ വരിഞ്ഞു മുറുക്കി.
ഇന്ത്യൻ ബൗളർമാരിൽ ഏഴ് ഓവർ എറിഞ്ഞ ശിഖ പാണ്ഡെയും നാലോവർ ചെയ്ത കൗറും മാത്രമാണ് അടിവാങ്ങിയത്. രാജേശ്വരി ഗെയ്ക്ക്വാദ് 10 ഓവറിൽ 49 റൺസ് വഴങ്ങി ഒരു വിക്കറ്റ് വീഴ്ത്തി.
