മാഞ്ചസ്റ്റര്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ഫുട്ബോളിലെ വമ്പന്‍ പോരാട്ടത്തില്‍ മാഞ്ചസ്റ്റര്‍ സിറ്റി ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് ലിവര്‍പൂളിനെ തോല്‍പ്പിച്ചു. ലീഗില്‍ തുടര്‍ച്ചയായി 20 കളികളിലും തോല്‍വിയറിയാതെ മുന്നേറിയ ലിവര്‍പൂളിന്റെ ജൈത്രയാത്രക്കാണ് സിറ്റി അന്ത്യം കുറിച്ചത്. 

40-ാം മിനിറ്റില്‍ സെര്‍ജിയോ അഗ്യൂറോയുടെ ഗോളിലൂടെ സിറ്റി മുന്നിലെത്തി. 64-ാം മിനിറ്റില്‍ റോബര്‍ട്ടോ ഫിര്‍മിനോയിലൂടെ ലിവര്‍പൂള്‍ സമനില ഗോള്‍ നേടിയെങ്കിലും 72-ാം മിനിറ്റില്‍ ലെറോയ് സെയ്ൻ സിറ്റിയുടെ വിജയഗോള്‍ നേടി. ഇതോടെ പോയിന്റ് നിലയില്‍ മുന്നിലുള്ള ലിവര്‍പൂളിന് തൊട്ടു പിന്നിലായി മാഞ്ചസ്റ്റര്‍ സിറ്റി എത്തി.