പുതിയൊരു കോച്ചിന് കീഴിൽ യുണൈറ്റഡ് ആദ്യ ആറ് മത്സരങ്ങളും ജയിക്കുന്നത് ഇതാദ്യം. ടോട്ടനത്തെ വീഴ്‌ത്തിയത് എതിരില്ലാത്ത ഒരു ഗോളിന്.
ടോട്ടനം: ഇംഗ്ലീഷ് പ്രീമിയർ ലീഗ് ഫുട്ബോളിൽ പുതിയ പരിശീലകന്‍ ഒലേ സോൾഷ്യറിന് കീഴിൽ മാഞ്ചസ്റ്റർ യുണൈറ്റഡിന് തുടർച്ചയായ ആറാം ജയം. ടോട്ടനം ഹോട്ട്സ്പറിനെ എതിരില്ലാത്ത ഒരു ഗോളിനാണ് യുണൈറ്റഡ് വീഴ്ത്തിയത്.
മൗറീഞ്ഞോയെ പറഞ്ഞുവിട്ട യുണൈറ്റഡ് താൽക്കാലികമായി ചുമതല നൽകിയ സോൾഷ്യർ തൊട്ടതെല്ലാം പൊന്നാക്കുകയാണ്. ആദ്യ മിനുട്ട് മുതൽ ആക്രമിച്ച് കളിച്ച ടോട്ടനം 31-ാം മിനുട്ടിൽ വല കുലുക്കിയെങ്കിലും ഓഫ് സൈഡായി. എന്നാല്‍ നാൽപത്തിയഞ്ചാം മിനുട്ടിൽ പോൾ പോഗ്ബ അളന്ന് മുറിച്ച് നൽകിയ പാസ് വലയിലെത്തിച്ച് റാഷ്‌ഫോഡ് യുണൈറ്റഡിന് ലീഡ് നൽകി..
രണ്ടാം പകുതിയിൽ മത്സരം ടോട്ടനവും മാഞ്ചസ്റ്റർ ഗോൾ കീപ്പർ ഡിഹിയയും തമ്മിലായിരുന്നു. തുടരെ തുടരെ വന്ന പതിനൊന്ന് ഷോട്ടുകൾക്ക് മുന്നിലും ഡിഹിയ വൻമതിലായി. ഒറ്റ ഗോൾ ജയത്തോടെ ടോട്ടനത്തിന്‍റെ മൈതാനത്ത് നിന്നും യുണൈറ്റഡ് തലയുയർത്തി മടങ്ങി.
പുതിയൊരു കോച്ചിന് കീഴിൽ യുണൈറ്റഡ് ആദ്യ ആറ് മത്സരങ്ങളും ജയിക്കുന്നത് ഇതാദ്യം. മാഞ്ചസ്റ്റർ യുണൈറ്റഡ് പരിശീലക സ്ഥാനത്തേക്ക് പരിഗണിക്കുന്ന ടോട്ടനം കോച്ച് പൊച്ചെട്ടീനോയ്ക്ക് മേലുള്ള ജയം സോൾഷ്യറിന്‍റെ കസേരയ്ക്കും ബലം നൽകും.
