ഇൻസ്റ്റഗ്രാം അകൗണ്ടിൽ ഇഷ പങ്കുവച്ച വാട്സാപ്പ് ചാറ്റിന്റെ സ്ക്രീൻ ഷോട്ടിലാണ് ഇവോബിയെ വംശീയമായി അധിക്ഷേപിക്കുന്ന തരത്തിലുള്ള പരാമർശങ്ങൾ നടത്തിയിരിക്കുന്നത്. ജനുവരി 28നായിരുന്നു സംഭവം.
മുംബൈ: ആര്‍സനല്‍ താരം അലക്സ് ഇവോബിയെ വംശീയമായി അധിക്ഷേപിച്ച സംഭവത്തിൽ ആര്‍സനല്‍ അംബാസഡറും ബോളിവുഡ് നടിയുമായ ഇഷാ ഗുപ്ത മാപ്പ് പറഞ്ഞു. ഇൻസ്റ്റഗ്രാം അകൗണ്ടിൽ ഇഷ പങ്കുവച്ച വാട്സാപ്പ് ചാറ്റിന്റെ സ്ക്രീൻ ഷോട്ടിലാണ് ഇവോബിയെ വംശീയമായി അധിക്ഷേപിക്കുന്ന തരത്തിലുള്ള പരാമർശങ്ങൾ നടത്തിയിരിക്കുന്നത്. ജനുവരി 28നായിരുന്നു സംഭവം.
'എന്റെ അജ്ഞത കാരണം ചെയ്ത പ്രവൃത്തിയിൽ മാപ്പ് ചോദിക്കുന്നു. വർഷങ്ങളായി ആര്‍സനല്‍ ആരാധികയാണ്. മുഴുവൻ സമയവും ഫുട്ബോളിലായി മാറ്റിവയ്ക്കുന്ന ആളാണ് താനെന്നും ഇവോബിയ്ക്ക് എഴുതിയ കത്തിൽ പറയുന്നു. തന്റെ പോസ്റ്റിൽ വംശീയമായി അധിക്ഷേപിക്കുന്ന തരത്തിലുള്ള കാര്യങ്ങൾ ഉണ്ടെന്ന് മനസ്സിലായിട്ടില്ല. ഇതിൽ ഞാൻ വളരെ പശ്ചാത്തപിക്കുന്നു.
എന്റെ പരാമർശം നിങ്ങളുടെ വികാരങ്ങളെ എത്രമാത്രം വേദനിപ്പിച്ചിട്ടുണ്ടാകുമെന്ന്എനിക്ക് സങ്കൽപ്പിക്കാനാവുന്നില്ല. വംശീയതയ്ക്ക് ഒരിക്കലും എന്റെ ഹൃദയത്തിൽ സ്ഥാനമില്ല. ഇത്തരമൊരു സംഭവം എന്റെ ഭാഗത്തുനിന്ന് ഇനി ഒരിക്കലും ഉണ്ടാകില്ലെന്ന് ഞാൻ നിങ്ങൾക്ക് ഉറപ്പു തരുന്നെന്നും തന്നോട് ക്ഷമിക്കണമെന്നും ഇഷ കത്തിൽ കുറിച്ചു.
ആര്‍സനല്‍ എഫ്സിയ്ക്കും ഇഷ കത്ത് അയച്ചിട്ടുണ്ട്. ക്ലബിന് എന്റെ ക്ഷമാപണം സ്വീകരിക്കാൻ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്. എനിക്ക് തെറ്റ് തിരുത്താനുള്ള അവസരം തരണം. ഇവിടം മുതൽ താൻ വളരെ ഉത്തരവാദിത്വമുള്ള ആളായിരിക്കുമെന്ന് ഉറപ്പുതരുന്നതായും ഇഷ കത്തിൽ കുറിച്ചു.
വാട്ട്‌സാപ്പ് ചാറ്റിനിടെ ഇവോബിയുടെ പ്രകടനത്തെ വിലയിരുത്തുന്നതിനിടയിലാണ് ഇഷ വംശീയമായി അധിക്ഷേപിച്ചത്. പിന്നീട് ചാറ്റിന്റെ സ്‌ക്രീന്‍ഷോട്ട് ഇന്‍സ്റ്റഗ്രാം സ്റ്റാറ്റസ് ആക്കിയതോടെ സംഭവം വിവാദമാകുകയായിരുന്നു. ഇഷയും സുഹൃത്തും തമ്മിലുള്ള ചാറ്റിലാണ് വംശീയ പരാമർശങ്ങൾ ഉന്നയിച്ചത്. ചാറ്റിങ്ങിനിടെ ഇഷയുടെ സുഹൃത്ത് ഇവോബിയെ ഗോറില്ലാ എന്ന് വിളിക്കുകയായിരുന്നു.
ആ മെസേജിന് ചിരിക്കുകയും എന്തിനാണ് അദ്ദേഹത്തിന് ഇത്രയും പ്രാധാന്യം നൽകുന്നതെന്ന് അറിയില്ലെന്ന് മറുപടി നൽകുകയും ചെയ്തു. തുടർന്ന് ഈ ചാറ്റിന്റെ സ്ക്രീൻ ഷോട്ട് ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്യുകയും ചെയ്തു. പിന്നീട് പോസ്റ്റ് ഡിലീറ്റ് ചെയ്തിരുന്നെങ്കിലും പോസ്റ്റിന്റെ സ്ക്രീൻഷോട്ടുകൾ വ്യാപകമായി പ്രചരിക്കുകയായിരുന്നു. ഇത്തരത്തില്‍ ഇവോബിയെ വംശീയമായി അധിക്ഷേപിച്ചത് മോശമായെന്ന് പറഞ്ഞ് താരത്തിനെതിരെ വിമര്‍ശനവുമായി ലോകമെമ്പാടുമുള്ള ആര്‍സനല്‍ ഫാന്‍സ് രംഗത്ത് എത്തിയിരുന്നു. തുടര്‍ന്നാണ് ഇഷ മാപ്പ് പറഞ്ഞത്.
