പാരീസ്: കോപ്പ അമേരിക്കയുടെ ആരവങ്ങൾക്കിടെ യൂറോപ്പും ഫുട്ബോൾ ആവേശത്തിലേക്ക്. യൂറോ കപ്പ് ഫുട്ബോളിന് ഇന്ന് തുടക്കമാവും. ഉദ്ഘാടനമത്സരത്തിൽ ആതിഥേയരായ ഫ്രാൻസ് റുമാനിയയെ നേരിടും. ഇന്ത്യന്‍ സമയം രാത്രി 12.30 മത്സരം തുടങ്ങും. ബെന്‍സേമയും റിബറിയും ഇല്ലെങ്കിലും ശക്തമായ ടീമാണ് ഫ്രാന്‍സ്. യൂറോ കപ്പില്‍ ഫ്രാന്‍സിനെ തോൽപ്പിക്കാന്‍ ഇതുവരെയും റുമാനിയക്ക് കഴിഞ്ഞിട്ടില്ല.
പതിനാറ് ടീമുകൾ ഏറ്റുമുട്ടിയിരുന്ന യൂറോ കപ്പിൽ ഇത്തവണ പോരിനിറങ്ങുന്നത് 24 ടീമുകൾ. ഹാട്രിക് കിരീടത്തിനായി സ്പെയിൻ. ലോക ചാമ്പ്യൻമാരുടെ തലയെടുപ്പുമായി ജർമനി. കരുത്തുകാട്ടാൻ ഇറ്റലി. അട്ടിമറിക്കായി ബൽജിയവും പോർച്ചുഗലും ഇംഗ്ലണ്ടും. അരങ്ങേറ്റം കുറിക്കാൻ അൽബേനിയയും ഐസ്‍ലൻഡും വടക്കൻ അയർലൻഡും സ്ലോവാക്യയയും വെയ്ൽസും. അസാന്നിധ്യംകൊണ്ട് ശ്രദ്ധേയരായി ഹോളണ്ട്.
റൊണാൾഡോയും റൂണിയും ഇനിയസ്റ്റയും ഇബ്രാഹിമോവിച്ചും ബെയ്‍ലുമടക്കമുള്ള മിന്നുംതാരങ്ങളെല്ലാം കാൽപന്ത് വിരുന്നൊരുക്കാൻ വ്യത്യസ്ത ടീമുകളിലായി കളിത്തട്ടുകളിലെത്തും. ജൂലൈ പത്തിനാണ് ഫൈനല്‍.
