കേപ്‌ടൗണ്‍: ആദ്യ പരമ്പര വിജയം ലക്ഷ്യമിട്ട് ദക്ഷിണാഫ്രിക്കയിലെത്തിയ ഇന്ത്യക്ക് തുടക്കം ശോഭനമായിരുന്നില്ല. ഫ്രീഡം സീരീസിലെ ആദ്യ ടെസ്റ്റില്‍ ദക്ഷിണാഫ്രിക്കയോട് 72 റണ്‍സിന് ഇന്ത്യ പരാജയപ്പെട്ടു. അതോടെ ദക്ഷിണാഫ്രിക്കന്‍ മണ്ണില്‍ കാലിടറുന്നവരെന്ന വിമര്‍ശനം ഇത്തവണയും ടീമിനെ തേടിയെത്തി. അതേസമയം പരമ്പരയിലെ അവസാന രണ്ട് മത്സരങ്ങളും ജയിച്ചാല്‍ മാത്രമേ ടീമിന് വിമര്‍ശനങ്ങളെ മറികടക്കാനാകൂ.
ടീം സെലക്ഷനില്‍ ഉള്‍പ്പടെ നായകന്‍ വിരാട് കോലി വിമര്‍ശനങ്ങള്‍ നേരിട്ടു. എന്നാല്‍ ആവശ്യമായ റണ്‍സ് കണ്ടെത്താതെ വിജയിക്കാനാകില്ലെന്ന് മത്സര ശേഷം കോലി പറഞ്ഞിരുന്നു. രഹാനയ്ക്ക് പകരം രോഹിതിനെ കളിപ്പിച്ചതിനുള്ള കാരണവും കോലി വ്യക്തമാക്കി. എന്നാല്‍ പരമ്പരയില്‍ തുടക്കം മോശമായെങ്കിലും കോലിക്കും ടീമിനും പൂര്‍ണ പിന്തുണ നല്‍കിയിരിക്കുകയാണ് ആരാധകര്‍.
രണ്ടാം ഇന്നിംഗ്സില്‍ 130 റണ്‍സിന് ദക്ഷിണാഫ്രിക്കയെ പുറത്താക്കി ഇന്ത്യന്‍ ബൗളര്‍മാര്‍ പ്രതീക്ഷ നല്‍കിയിട്ടും ടീമിന് വിജയിക്കാനായില്ല. വെര്‍നോണ്‍ ഫിലാന്‍ഡര്‍ തകര്‍ത്താടിയപ്പോള്‍ ഇന്ത്യ തോല്‍വി വഴങ്ങുകയായിരുന്നു. നായകന്‍ വിരാട് കോലിക്ക് കീഴില്‍ ഇന്ത്യ വിജയിക്കുമെന്ന് പൂര്‍ണ പ്രതീക്ഷ അര്‍പ്പിച്ചിരിക്കുകയാണ് ആരാധകര്‍.
