ബാഴ്സലോണ: ഫുട്ബോള്‍ ലോകത്തെ വിസ്മയിപ്പിക്കാന്‍ ബാഴ്‌സലോണയില്‍ നിന്ന് ഒരുതാരം കൂടി വരുന്നു. പന്ത്രണ്ടുവയസ്സുകാരന്‍ സാവി സിമോണ്‍സ്. സാവിയെ സ്വന്തമാക്കാന്‍ ചെല്‍സിയടക്കമുള്ള ടീമുകള്‍ രംഗത്തെത്തിക്കഴിഞ്ഞു.
സ്‌പാനിഷ് ഫുട്ബോളിലെ പുതുതരംഗമെന്നാണ് സാവിയെ സ്പാനിഷ് മാധ്യമങ്ങള്‍ വിശേഷിപ്പിക്കുന്നത്. ലാലീഗയില്‍ പന്ത്രണ്ട് വയസ്സില്‍താഴെയുള്ളവരുടെ ടൂര്‍ണമെന്‍റിലെ പ്രകടനമാണ് സാവിയെ ശ്രദ്ധാകേന്ദ്രമാക്കിയത്.
ലയണല്‍ മെസ്സിയും ഇനിയസ്റ്റയും സക്ഷാല്‍ സാവിയുമെല്ലാം കളിപഠിച്ച ബാഴ്‌സയുടെ ലാ മെസ്സിയ അക്കാദമിയില്‍ നിന്ന് തന്നെയാണ് കുട്ടിസാവിയുടെയും വരവ്. വാള്‍ഡരാമയെപ്പോലെ മുടിയുള്ള സാവി കളിക്കുന്നത് മധ്യനിരയില്‍. ഉന്നം പിഴയ്‌ക്കാത്ത പാസുകളും ഡ്രിബ്ലിംഗും ഗോളടിമികവും.
ഡച്ച് ലീഗിലെ താരമായിരുന്ന റജിലിയോ സിമോണ്‍സിന്റെ മകനാണ് സാവി. ബാഴ്‌സതാരം സാവിയോടുള്ള ഇഷ്‌ടം മൂത്താണ് റജിലിയോ മകന് സാവിയെന്ന പേരിട്ടത്. ഏഴാം വയസ്സില്‍ ബാഴ്‌സ അക്കാദമിയില്‍. പന്ത്രണ്ടാം വയസ്സില്‍ സ്‌പെയ്നിലെ ഏറ്റവും മികച്ച യുവപ്രതിഭ. ചെല്‍സിയടക്കമുള്ള ക്ലബുകള്‍ സാവിക്കായി വലവിരിച്ചുകഴിഞ്ഞു.

