ഇന്ത്യന്‍ ആരാധകര്‍ക്ക് മലയാളത്തില്‍ നന്ദി പറഞ്ഞ് ജര്‍മന്‍ ക്ലബ് ബയേണ്‍ മ്യൂണിക്ക്. 'നന്ദി' എന്ന് രേഖപ്പെടുത്തിയ ചിത്രത്തോടൊപ്പമായിരുന്നു ഫേസ്ബുക്കിലൂടെയുള്ള ആശംസ.

ബയേണ്‍: വിദേശ ഫുട്ബോള്‍ ക്ലബുകള്‍ക്ക് വലിയ ആരാധക പിന്തുണയാണ് കേരളത്തിലുള്ളത്. ജര്‍മന്‍ ലീഗില്‍ നിലവിലെ ചാമ്പ്യന്‍മാരായ ബയേണ്‍ മ്യൂണിക്കിനും കേരളത്തില്‍ ആരാധരേറെ. 2018നോട് വിടപറയുമ്പോള്‍ ഇന്ത്യയിലെ ആരാധകര്‍ക്ക് നന്ദി പറയാന്‍ ബയേണ്‍ മ്യൂണിക്ക് തിരഞ്ഞെടുത്തത് മലയാളമാണ് എന്നതാണ് പ്രത്യേകത. 

'നന്ദി' എന്ന് രേഖപ്പെടുത്തിയ ചിത്രത്തോടൊപ്പമായിരുന്നു ഫേസ്ബുക്കിലൂടെയുള്ള നന്ദിപറച്ചില്‍. ഇന്ത്യന്‍ ആരാധകരുടെ പിന്തുണയ്ക്ക് നന്ദിയറിയിക്കുന്നു. അടുത്ത വര്‍ഷത്തിലും അകമഴിഞ്ഞ പിന്തുണ പ്രതീക്ഷിക്കുന്നതായും ബയേണ്‍ കുറിച്ചു. ബയേണിന്‍റെ മലയാളത്തിലുള്ള നന്ദി പറച്ചില്‍ കേരളത്തിലെ ആരാധകര്‍ ഏറ്റെടുത്തു. 'നന്ദി' എന്നെഴുതിയത് ശരിയാണോ എന്ന ബയേണിന്‍റെ ചോദ്യമാണ് ആരാധകരെ കൂടുതല്‍ ത്രസിപ്പിച്ചത്. 

കഴിഞ്ഞ തവണത്തെ ചാമ്പ്യന്‍മാരായ ബയേണ്‍ നിലവില്‍ രണ്ടാം സ്ഥാനത്താണ്. പതിനേഴ് കളിയില്‍ 36 പോയിന്‍റാണ് ബയേണിനുള്ളത്. ഇത്രതന്നെ കളിയില്‍ 42 പോയിന്‍റുള്ള ബൊറൂസിയ ഡോര്‍ട്മുണ്ടാണ് ഒന്നാം സ്ഥാനത്ത്.