ദില്ലി: സാനിയ മിര്‍സയ്ക്കും രോഹന്‍ ബൊപ്പണ്ണയ്ക്കും എതിരെ ആഞ്ഞടിച്ച് ലിയാന്‍ഡര്‍ പെയ്സ്. തന്‍റെ നേട്ടങ്ങളില്‍ അസൂയ ഉള്ള ആളുകളാണ് വിവാദങ്ങള്‍ക്ക് പിന്നിലെന്ന് പെയ്സ് കുറ്റപ്പെടുത്തി. പതിനെട്ട് ഗ്രാന്‍ഡ്സ്ലാം കീരിടങ്ങളും ,7 ഒളിംപിക്സ് പങ്കാളിത്തവും എന്ന തന്‍റെ നേട്ടം 10 ജന്മമെടുത്താലും സ്വന്തമാക്കാന്‍ ഇവര്‍ക്ക് കഴിയില്ല.
തന്‍റെ പ്രതിച്ഛായ മോശമാക്കാന്‍ നിരന്തരം ഇക്കൂട്ടര്‍ ശ്രമിക്കുകയാണെന്നും ഒരു വാര്‍ത്താ ഏജന്‍സിക്ക് നൽകിയ അഭിമുഖത്തില്‍ പെയ്സ് വിമര്‍ശിച്ചു. തന്‍റെ നേരേ ആരെല്ലാം കുരച്ചാലും , ഡേവിസ് കപ്പ് ടീമിൽ നിന്ന് വിരമിക്കില്ലെന്നും പെയ്സ് വ്യക്തമാക്കി.
ഒളിംപിക്സിലെ മിക്സ്ഡ് ഡബിള്‍സിന് സാനിയ ബൊപ്പണ്ണ സഖ്യത്തെ അയച്ചതിനെ പെയ്സ് കഴിഞ്ഞ ദിവസം വിമര്‍ശിച്ചിരുന്നു. തുടര്‍ന്ന് പെയ്സ് വിഷം നിറഞ്ഞ മനസ്സിന് ഉടമയെന്ന് സാനിയയും വാര്‍ത്തയിലിടം പിടിക്കാനുള്ള ശ്രമമെന്ന് ബൊപ്പണ്ണയും കുറ്റപ്പെടുത്തിയിരുന്നു. ഈ പ്രസ്താവനകളോട് പ്രതികരിക്കുകയായിരുന്നു.
