സൂറിച്ച്: ഫിഫയുടെ ലോക ഇലവനില്‍ സ്‌പാനിഷ് ലീഗ് ആധിപത്യം. അന്തിമ ഇലവനിലെത്തിയ ഒമ്പത് താരങ്ങള്‍ ലാ ലിഗയില്‍ കളിക്കുന്നവരാണ്. ലോകത്തിലെ ഏറ്റവും പണക്കൊഴുപ്പുള്ളതും ആരാധകരുള്ളതുമായ ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ നിന്നാരും ഫിഫ ടീമിലെത്തിയില്ലെന്നതും ശ്രദ്ധേയമായി.
ഫിഫ ഇലവനിലെ ഒമ്പത് താരങ്ങളെ സംഭാവന ചെയ്തതും സ്‌പാനിഷ് ലീഗ് ക്ലബ്ബുകളായ റയല്‍ മാഡ്രിഡും ബാഴ്‌സലോണയും. ഗോളടിക്കാനുള്ള ചുമതല സാക്ഷാല്‍ ലയണല്‍ മെസ്സിക്കും ക്രിസറ്റ്യാനോ റൊണാള്‍ഡോക്കും ലൂയി സുവാരസിനും. മധ്യനിരയില്‍ ലൂക്കാ മോഡ്രിച്ചും ടോണി ക്രൂസും ആന്ദ്രേസ് ഇനിയെസ്റ്റയും . ഫിഫയുടെ പ്രതിരോധനിരയില്‍ ഉള്‍പ്പെട്ടത് ഡാനി ആല്‍വ്‌സ്, ജെറാര്‍ഡ് പിക്വെ, സെര്‍ജിയോ റാമോസ്, മാഴ്‌സലോ എന്നിവര്‍.
ബയേണ്‍ മ്യൂണിക്കിന്റെ ഗോള്‍വല കാക്കുന്ന ജര്‍മ്മന്‍ നായകന്‍ മാനുവേല്‍ ന്യൂയറാണ് ഫിഫ ഇലവനിലെ ഗോള്‍കീപ്പര്‍. ന്യൂയറിന് പുറമേ , യുവന്റസ് താരമായ ഡാനി ആല്‍വ്സ് ആണ് സ്‌പാനിഷ് ലീഗിന് പുറത്തുനിന്ന് ഫിഫ ഇലവനിലെത്തിയത്. ലോകമെമ്പാടുമുള്ള വിവിധ ടീമുകളിലെ 45000 പ്രൊഫഷണല്‍ താരങ്ങള്‍ക്കിടയില്‍ നടത്തിയ വോട്ടെടുപ്പിലൂടയാണ് ഫിഫ ഇലവനെ തെരഞ്ഞെടുത്തത്.
ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ നിന്നൊരാള്‍ പോലും ഫിഫ ഇലവനിലെത്താതിരുന്നത് ശ്രദ്ധേയമായി. രണ്ട് വോട്ടിന്റെ വ്യത്യാസത്തിന് മധ്യനിരയില്‍ ഇടം നഷ്‌ടമായ പോള്‍ പോഗ്ബയാണ് പ്രീമിയര്‍ ലീഗ് താരങ്ങളില്‍ മുന്നിലെത്തിയത്.
