ക്രിക്കറ്റ് ഇതിഹാസം, ക്രിക്കറ്റ് പ്രേമികളുടെ വികാരം, ക്രിക്കറ്റിലെ ദൈവം, ലോകം മുഴുവൻ ആരാധിക്കുന്ന വ്യക്തിത്വം. അതേ സക്ഷാൽ സച്ചിൻ ടെൻഡുൽക്കർ. സച്ചിനെ കുറിച്ച് വിശേഷിപ്പിക്കാൻ വാക്കുകളില്ല. എന്നാൽ ഇതേ സച്ചിന്‍ തൻ്റെ കുട്ടിക്കാലത്തെ കുറിച്ച് സംസാരിക്കുമ്പോഴെല്ലാം ഒരുകാര്യം മടികൂടാതെ വെളിപ്പെടുത്താറുണ്ട്; താൻ ഒരു ശരാശരിയിലും താഴ്ന്ന വിദ്യാർത്ഥിയായിരുന്നുവെന്ന്.
തൻ്റെ ട്വിറ്റർ പേജിൽ ഒരു പഴയ ബ്ലാക് ആൻ്റ് വൈറ്റ് ചിത്രം പങ്കുവച്ചുകൊണ്ട് ഒരു കുസൃതിയോടെ ആ കാര്യം ആരാധകരുമായി ഒരിക്കൽ കൂടി പങ്കുവച്ചിരിക്കുകയാണ് സച്ചിൻ തെൻഡുൽക്കർ . സച്ചിൻ്റെ കുട്ടിക്കാലത്തെ ചിത്രമാണ് താരം ട്വിറ്ററിലൂടെ പങ്ക് വെച്ചത്. കളിപ്പാട്ടത്തിനടുത്ത് ഒരു പുസ്തകം തുറന്നുവായിക്കുന്ന ചിത്രം. ചിത്രത്തിൻ്റെ അടിക്കുറിപ്പായി ഇങ്ങനെയൊരു കുറിപ്പും; "ഈ ഫീൽഡിൽ ഞാനൊരു നല്ല സ്‌കോറർ ആയിരുന്നില്ല".
നൂറു സെഞ്ച്വറികൾ അടക്കം 34347 റൺസ് ക്രിക്കറ്റിൽ സ്‌കോർ ചെയ്തിട്ടുണ്ട് സച്ചിൻ. ഏകദിനത്തിലെ ആദ്യ ഇരട്ട ശതകത്തിൻ്റെ ഉടമയും. 2013 ൽ ക്രിക്കറ്റിൽ നിന്നും വിരമിച്ച ഈ മഹാനായ കളിക്കാരൻ തൻ്റെ കുട്ടിക്കാലത്തെക്കുറിച്ച് പറയുമ്പോൾ അതിലൊരു സന്ദേശം കൂടിയുണ്ട്; ആദ്യത്തെ തോൽവികളിൽ തളരാതിരിക്കുക, പരിശ്രമിച്ചാൽ ലോകം കീഴടക്കാം.
നേരത്തെ അധ്യാപക ദിനത്തില്‍ സച്ചിന്‍ ഒരു വീഡിയോ പങ്കുവെച്ചിരുന്നു. തന്നെ വിജയത്തിലേക്ക് നയിച്ച ഗുരു രമാകാന്ത് അച്ഛരേക്കര്‍ക്കും ചേട്ടന്‍ അജിത് തെണ്ടുല്‍ക്കര്‍ക്കുമായിരുന്നു സച്ചിന്‍ ആ വീഡിയോ സമര്‍പ്പിച്ചത്.

