ദില്ലി: ആഡംബര ഭവനനിര്‍മ്മാണ തട്ടിപ്പുകേസില്‍ ടെന്നീസ് താരം മരിയ ഷറപ്പോവയ്ക്കെതിരെ എഫ്ഐആര്‍. ഷറപ്പോവയ്ക്കും ഗുഡ്ഗാവ് ആസ്ഥാനമായുള്ള നിര്‍മ്മാണ കമ്പനിയായ ഹോംസ്റ്റഡ് ഇന്‍ഫ്രാസ്‌ട്രക്ച്ചറിനുമെതിരെയാണ് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്യാന്‍ ദില്ലി മെട്രോ പൊളിറ്റന്‍ കോടതി മജിസ്‌ട്രേറ്റ് രാജേഷ് മാലിക് ഇത്തരവിട്ടത്. 2016ല്‍ നിര്‍മ്മാണം പൂര്‍ത്തിയാകുമെന്ന് വാഗ്ദാനം ചെയ്ത പദ്ധതി നടന്നില്ലെന്ന് ചൂണ്ടിക്കാട്ടി ഫ്ലാറ്റ് ബുക്ക് ചെയ്ത ഭവാന അഗര്‍വാള്‍ നല്‍കിയ പരാതിയിലാണ് കോടതിയുടെ നിര്‍ദേശം.
ഭവനപദ്ധതിയെ ഷറപ്പോവ പിന്തുണച്ചതായും പദ്ധതിക്ക് ഷറപ്പോവയുടെ പേരിട്ടത് തെറ്റിധാരണ സൃഷ്ടിച്ചെന്നും കോടതി നിരീക്ഷിച്ചു. അഭിഭാഷകനായ പീയുഷ് സിംഗ് മുഖേനെയാണ് ഭവാന അഗര്‍വാള്‍ ദില്ലി കോടതിയില്‍ പരാതി നല്‍കിയത്. പരാതിക്കാരന്‍ 2500 സ്‌ക്വയര്‍ ഫീറ്റ് വരുന്ന ഫ്ലാറ്റ് 53 ലക്ഷം രൂപ നല്‍കി ബുക്ക് ചെയ്തിരുന്നു. ഇതിനകം 1500ലധികം പേര്‍ പദ്ധതിക്കായി പണം മുടക്കിയതായി അഡ്വ. പീയുഷ് സിംഗ് പറഞ്ഞു.
