റയല്‍ മാഡ്രിഡിനെതിരായ എല്‍ ക്ലാസിക്കോയ്ക്ക് മുന്‍പ് ബാഴ്‌സ താരം മെസിക്ക് കായികക്ഷമതാപരിശോധനകള്‍. വലന്‍സിയക്കെതിരായ കഴിഞ്ഞ മത്സരത്തില്‍ സൂപ്പര്‍ താരത്തിന് പരുക്കേറ്റിരുന്നു.

ബാഴ്‌സ‌ലോണ: സ്‌പെയിനിൽ നാളെ എൽക്ലാസിക്കോ പോരാട്ടം. കോപ്പാ ഡെൽ റേയിലാണ് ചിരവൈരികളായ റയൽ മാഡ്രിഡും ബാഴ്‌സലോണയും നേര്‍ക്കുനേര്‍ വരുന്നത്. ആദ്യ പാദ സെമിഫൈനല്‍ മത്സരം ബാഴ്സലോണയുടെ ഗ്രൗണ്ടിലാണ് നടക്കുന്നത്. വലന്‍സിയയും റയൽ ബെറ്റിസും തമ്മിലാണ് രണ്ടാം സെമി.

അതേസമയം തുടയ്ക്ക് പരിക്കേറ്റ ബാഴ്സ സൂപ്പര്‍ താരം ലിയോണൽ മെസി കളിക്കുന്ന കാര്യം സംശയമാണ്. ഇന്നലെ പരിശീലനത്തില്‍ നിന്ന് വിട്ടുനിന്ന മെസി ഇന്ന് കായികക്ഷമതാപരിശോധനകള്‍ക്ക് വിധേയനാകും. ലാ ലിഗയില്‍ വലന്‍സിയക്കെതിരായ മത്സരത്തിലാണ് സൂപ്പര്‍ താരം മെസിക്ക് പരുക്കേറ്റത്. ലാ ലിഗയില്‍ 50-ാം പെനാല്‍റ്റി ഗോള്‍ തികച്ചതിന് പിന്നാലെയാണ് മെസിയെ പരുക്ക് പിടികൂടിയത്. 

ഇന്ത്യന്‍ സമയം വ്യാഴാഴ്ച പുലര്‍ച്ചെ 1.30ന് മത്സരം തുടങ്ങും. സീസണിലെ ആദ്യ എല്‍ ക്ലാസിക്കോയില്‍(ലാ ലിഗ) ബാഴ്‌സയ്ക്കായിരുന്നു ജയം. ലൂയിസ് സുവാരസിന്‍റെ ഹാട്രിക് മികവില്‍ ഒന്നിനെതിരെ അഞ്ച് ഗോളുകള്‍ക്കാണ് മാഡ്രിഡിനെ അന്ന് സ്വന്തം മൈതാനത്ത് ബാഴ്സ കശാപ്പ് ചെയ്തത്. ക്രിസ്റ്റ്യാനോ റൊണാള്‍ഡോയും ലിയോണല്‍ മെസിയും ഇല്ലാതെ ഏറെ കാലത്തിന് ശേഷം നടന്ന എല്‍ ക്ലാസിക്കോ ആയിരുന്നു ഇത്.