റാഞ്ചി: മഴ കളിച്ച ആദ്യ ട്വന്‍റി20യില്‍ ഓസ്ട്രേലിയയ്ക്കെതിരെ ഇന്ത്യയ്ക്ക് തകര്‍പ്പന്‍ ജയം. 5.3 ഓവറില്‍ ഒരു വിക്കറ്റ് നഷ്ടത്തില്‍ ഇന്ത്യ വിജയലക്ഷ്യം മറികടന്നു. ഇന്ത്യയ്ക്ക് ജയിക്കാന്‍ ആറ് ഓവറില്‍ 48 റണ്‍സാണ് വേണ്ടിയിരുന്നത്. മഴനിയമ പ്രകാരം വിജയലക്ഷ്യം പുതുക്കി നിശ്ചയിക്കുകയായിരുന്നു. ഓസീസ് സ്കോര്‍ 18.4 ഓവറില്‍ 118ല്‍ നില്‍ക്കുമ്പോളാണ് മഴയെത്തിയത്. ഇന്ത്യയ്ക്ക് 11 റണ്‍സെടുത്ത രോഹിത് ശര്‍മ്മയുടെ വിക്കറ്റ് മാത്രമാണ് നഷ്ടമായത്.

42 റണ്‍സെടുത്ത ഓപ്പണര്‍ ആരോണ്‍ ഫിഞ്ചാണ് ഓസീസ് നിരയിലെ ടോപ് സ്കോറര്‍. സന്ദര്‍ശകര്‍ക്കായി മാക്‌സ്‌വെല്ലും ടിം പെയ്‌നും 17 റണ്‍സ് വീതമെടുത്തു. ഇന്ത്യയ്ക്കായി ജസ്‌പ്രീത് ബൂംറയും കുല്‍ദീപ് യാദവും രണ്ട് വിക്കറ്റ് വീഴ്ത്തി. ഹര്‍ദിക് പാണ്ഡ്യ, ഭുവനേശ്വര്‍ കുമാര്‍, ചഹല്‍ എന്നിവര്‍ ഓരോ വിക്കറ്റുകള്‍ നേടി. ഇന്ത്യയ്ക്കായി കോലി 22 റണ്‍സും ശിഖര്‍ ധവാന്‍ 15 റണ്‍സും നേടി. ഓസീസിനായി കോള്‍ട്ടര്‍ നൈലാണ് വിക്കറ്റ് വീഴ്ത്തിയത്.