കളിയുടെ ഗതി തീരുമാനിച്ചത് ഈ അഞ്ച് സംഭവങ്ങള്‍

First Published 13, Mar 2018, 9:24 AM IST
five main points in india vs sri lanka t20
Highlights
  • ഇന്ത്യ- ശ്രീലങ്ക ടി20യിലെ പ്രധാന സംഭവങ്ങള്‍ ഇതാണ്

1. ശാര്‍ദുല്‍ ഠാക്കൂറിന്‍റെ നാല് വിക്കറ്റ് പ്രകടനം
ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത ലങ്കയെ 152ലൊതുക്കിയത് ഠാക്കൂറിന്‍റെ മികച്ച ബൗളിംഗാണ്. നാല് ഓവറില്‍ 27 റണ്‍സ് വഴങ്ങി നാല് വിക്കറ്റുകളാണ് ഠാക്കൂര്‍ വീഴ്ത്തിയത്. ഗുണതിലക(17), ചമീരയെ(0), തിസാര പെരേര(15), ഡാസുന്‍ ശനക(19) എന്നിവരാണ് ഠാക്കൂറിന് മുന്നില്‍ വീണത്.

2. വാഷിംഗ്ടണ്‍ സുന്ദറും കുശാല്‍ പെരേരയുടെ വിക്കറ്റും
ഠാക്കൂറിനൊപ്പം സ്‌പിന്നര്‍ വാഷിംഗ്ടണ്‍ സുന്ദര്‍ ചേര്‍ന്നതോടെ ശ്രീലങ്കന്‍ സ്കോറിങ്ങിന്‍റെ വേഗം കുറഞ്ഞു. നാല് ഓവര്‍ പന്തെറിഞ്ഞ സുന്ദര്‍ 21 റണ്‍വ് വിട്ടുകൊടുത്ത് രണ്ട് വിക്കറ്റ് വീഴ്ത്തി. കഴിഞ്ഞ രണ്ട് മത്സരത്തിലും തകര്‍പ്പന്‍ അര്‍ദ്ധ സെഞ്ചുറി നേടിയ കുശാല്‍ പെരേരയാണ് സുന്ദറിന് മുന്നില്‍ ആദ്യം പുറത്തായത്. പെരേരയുടെ വിക്കറ്റ് ശ്രീലങ്കയെ മികച്ച സ്‌കോറില്‍ നിന്നകറ്റി.

3. കുശാല്‍ മെന്‍ഡിസിന്‍റെ തകര്‍പ്പന്‍ അര്‍ദ്ധ സെഞ്ചുറി
അതേസമയം ആദ്യം ബാറ്റ് ചെയ്ത ശ്രീലങ്കയ്ക്ക് ഭേദപ്പെട്ട സ്കോര്‍ സമ്മാനിച്ചത് തകര്‍പ്പന്‍ അര്‍ദ്ധ സെഞ്ചുറി നേടിയ ഓപ്പണര്‍ കുശാല്‍ മെന്‍ഡിസ്. 38 പന്തില്‍ മൂന്ന് വീതം ബൗണ്ടറിയും സിക്സുകളും സഹിതം 55 റണ്‍സാണ് മെന്‍ഡിസ് നേടിയത്. 14.1 ഓവറില്‍ ആറാമനായി പുറത്താകുമ്പോള്‍ ലങ്ക 120 റണ്‍സ് എന്ന നിലയിലെത്തിയിയിരുന്നു.

4. വീണ്ടും പരാജയപ്പെട്ട് ഓപ്പണര്‍ രോഹിത് ശര്‍മ്മ 

താരതമ്യേന കുറഞ്ഞ സ്കോറാണ് ലങ്ക ഇന്ത്യയ്ക്ക് മുന്നില്‍ വെച്ചത്. എന്നാല്‍ ദക്ഷിണാഫ്രിക്കന്‍ പര്യടത്തിലെ ഫോമില്ലായ്മ ശ്രീലങ്കയിലും തുടരുന്ന ഓപ്പണര്‍ രോഹിത് ശര്‍മ്മ ഇന്ത്യന്‍ പ്രതീക്ഷകള്‍ തകര്‍ത്തു. ഏഴ് പന്തില്‍ 11 റണ്‍സ് മാത്രമാണ് ഹിറ്റ്മാന് എടുക്കാനായത്. പിന്നാലെ ധവാനും മടങ്ങിയതോടെ രണ്ട് വിക്കറ്റിന് 22 റണ്‍സെന്ന നിലയിലായ ഇന്ത്യയ്ക്ക് തുടക്കത്തിലെ തിരിച്ചടി നേരിട്ടു.

5. ഇന്ത്യയെ വിജയത്തിലെത്തിച്ച അഞ്ചാം വിക്കറ്റിലെ റെക്കോര്‍ഡ് കൂട്ടുകെട്ട്

ഒരവസരത്തില്‍ നാല് വിക്കറ്റിന് 85 റണ്‍സെന്ന നിലയിലായിരുന്നു ഇന്ത്യ. അഞ്ചാം വിക്കറ്റില്‍ ഒത്തുചേര്‍ന്ന പാണ്ഡെ- കാര്‍ത്തിക് സഖ്യം കൂടുതല്‍ നഷ്ടങ്ങളില്ലാതെ ഇന്ത്യയെ വിജയിപ്പിക്കുകയായിരുന്നു. ഇരുവരും അഞ്ചാം വിക്കറ്റില്‍ 68 റണ്‍സ് കൂട്ടിച്ചേര്‍ത്തപ്പോള്‍ ഇന്ത്യ അനായാസം വിജയിച്ചു. ടി20യില്‍ സ്കോര്‍ പിന്തുടരുമ്പോള്‍ ഇന്ത്യയുടെ മികച്ച രണ്ടാമത്തെ കൂട്ടുകെട്ടാണ് ഇത്.

loader