ആ ഫൗളില്‍ സലായ്ക്കൊപ്പം റാമോസിനെ കടന്നാക്രമിച്ച് ആരാധകര്‍
കീവ്: ചാംപ്യന്സ് ലീഗ് ഫൈനല് പോരാട്ടത്തില് റയല് മാഡ്രിഡ് നായകന് സര്ജിയോ റാമോസിന്റെ ഫൗളില് ലിവര്പൂള് താരം സലാ കണ്ണീരോടെ കളം വിടുമ്പോള് ഫുട്ബോള് ആരാധകര് ഒന്നടങ്കം സലാഹിനൊപ്പമായിരുന്നു. റാമോസിന്റെ ഫൗളില് റഫറി കാര്ഡ് നല്കിയില്ലെന്ന് മാത്രമല്ല, പരിക്ക് പറ്റി സലാഹ് മടങ്ങുമ്പോള് താരത്തെ നോക്കി റാമോസ് ചിരിക്കുന്ന വീഡിയോയും പുറത്തുവന്നത് ആരാധകരെ ഏറെ ചൊടിപ്പിച്ചു.
മത്സരത്തിന്റെ 25ാം മിനിറ്റിലായിരുന്നു സംഭവം. പന്തെടുക്കാനുള്ള ശ്രമത്തിലായിരുന്നു ഈജിപ്ഷ്യന് താരം. എന്നാല് മത്സരത്തിലുടനീളം വിടാതെ മാര്ക്ക് ചെയ്ത റാമോസ് കൈപ്പിടിച്ച് വീഴ്ത്തുകയായിരുന്നു.
സംഭവത്തില് ശക്തമായ പ്രതിഷേധമാണ് ഫുട്ബോള് ആരാധകര് ഉയര്ത്തുന്നത്. റാമോസിന്റെ ഫേസ്ബുക്ക് പേജിലും ട്വിറ്ററിലുമെല്ലാം താരത്തിന്റെ പ്രവര്ത്തി തരംതാണുപോയെന്ന വിമര്ശനങ്ങളാണ് ഉന്നയിക്കുന്നത്. ഫുട്ബോള് ചരിത്രത്തിന് തന്നെ നാണക്കേടായെന്ന് ചിലര് റാമോസിനെ കുറ്റപ്പെടുത്തി. എന്നാല് റാമോസിന്റെ നീക്കത്തെ പിന്തുണച്ച് ചെല്സി മുന് താരം ഫ്രാങ്ക് ലംപാര്ഡും മാഞ്ചസ്റ്റര് മുന് പ്രതിരോധ താരം റിയോ ഫെര്ഡിനാന്ഡും രംഗത്തെത്തിയിരുന്നു.



