റാഞ്ചി: ഓസ്‌ട്രേലിയയ്ക്കെതിരായ ആദ്യ ടി20 മല്‍സരത്തിന് മുന്നോടിയായി ക്രിക്കറ്റ് പരിശീലനത്തിന് പകരം കോലിയും കൂട്ടരും ഫുട്ബോള്‍ കളിച്ചു. എന്താ, ആശയകുഴപ്പമായോ? മഴ മൂലം ക്രിക്കറ്റ് പരിശീലനം ഉപേക്ഷിച്ചതോടെയാണ് ധോണിയും കോലിയുമൊക്കെ ഡ്രസിങ് റൂം ഫുട്ബോള്‍ മൈതാനമാക്കിയത്. മഴ മൂലം ക്രിക്കറ്റ് പരിശീലനം മുടങ്ങിയതിന്റെ നിരാശ മാറ്റാനാണ് ഡ്രസിങ് റൂമിലെ വരാന്തയിലാണ് താരങ്ങള്‍ ഫുട്ബോളുമായി ഇറങ്ങിയത്. അതേസമയം മഴ തുടരുമെന്നായിരുന്നു കാലാവസ്ഥാ നിരീക്ഷണകേന്ദ്രത്തിന്റെ മുന്നറിയിപ്പെങ്കിലും, മല്‍സരദിനമായ ഇന്നു മഴ മാറി നില്‍ക്കുകയാണ്. വൈകിട്ട് ഏഴു മണി മുതലാണ് ഇന്ത്യ-ഓസ്‌ട്രേലിയ ആദ്യ ടി20 മല്‍സരം തുടങ്ങുന്നത്. ഏകദിന പരമ്പരയില്‍ 4-1ന് ജയിച്ചതിന്റെ ആത്മവിശ്വാസത്തിലാണ് ഇന്ത്യ ഇന്നിറങ്ങുന്നത്. അതേസമയം നായകന്‍ സ്റ്റീവ് സ്‌മിത്ത് പരിക്കേറ്റ് നാട്ടിലേക്ക് മടങ്ങിയത്, ഓസ്‌ട്രേലിയയ്‌ക്ക് കനത്ത തിരിച്ചടിയായിട്ടുണ്ട്. സ്‌മിത്തിന് പകരം ഡേവിഡ് വാര്‍ണറാണ് ഓസ്‍ട്രേലിയയെ നയിക്കുന്നത്.