ലിയോണല്‍ മെസി ബാഴ്‌സ വിട്ട് ഇറ്റാലിയന്‍ ക്ലബായ ഇന്റര്‍ മിലാനിലെത്താന്‍ സാധ്യതയുണ്ടെന്ന് മുന്‍ അര്‍ജന്റൈന്‍ താരം ഹാവിയര്‍ സാവിയോള. ഇന്റര്‍ ന്യൂസിനോട് സംസാരിക്കുമ്പോഴാണ് സാവിയോള ഇക്കാര്യം വ്യക്തമാക്കിയത്.
ബ്യൂണസ് ഐറിസ്: ലിയോണല്‍ മെസി ബാഴ്‌സ വിട്ട് ഇറ്റാലിയന്‍ ക്ലബായ ഇന്റര്‍ മിലാനിലെത്താന്‍ സാധ്യതയുണ്ടെന്ന് മുന്‍ അര്‍ജന്റൈന്‍ താരം ഹാവിയര്‍ സാവിയോള. ഇന്റര്‍ ന്യൂസിനോട് സംസാരിക്കുമ്പോഴാണ് സാവിയോള ഇക്കാര്യം വ്യക്തമാക്കിയത്. നിലവില്‍ 2021 വരെയാണ് ബാഴ്‌സലോണയുമായി മെസിക്കു കരാറുള്ളത്. എന്നാല്‍ താരത്തിനു കരിയറിന്റെ അവസാനം വരെ തുടരാമെന്നും ബാഴ്‌സയില്‍ തന്നെ മെസി കരിയര്‍ അവസാനിപ്പിക്കണമെന്നാണ് തന്റെ ആഗ്രഹമെന്നും കഴിഞ്ഞ ദിവസം ക്ലബിന്റെ പ്രസിഡന്റ് ബര്‍ട്ടമൂ അഭിപ്രായപ്പെട്ടിരുന്നു.
ഇതിനു പിന്നാലെയാണ് മെസി ഇറ്റാലിയന്‍ ടീമിലേക്കു ചേക്കേറാന്‍ സാധ്യതയുണ്ടെന്ന് മെസിയുടെ സഹതാരമായിരുന്ന സാവിയോള അഭിപ്രായപ്പെട്ടത്. സാവിയോള തുടര്‍ന്നു.. ബാഴ്‌സയുടേതല്ലാതെ മറ്റൊരു ക്ലബിന്റെ ജേഴ്‌സിയില്‍ മെസിയെ കാണുകയെന്നത് ആര്‍ക്കും ചിന്തിക്കാനാവില്ല. എന്നാല്‍ ഇതു ഫുട്‌ബോളാണ്, ഇവിടെ എന്തും സംഭവിക്കാം. അതു കൊണ്ട് ഇന്റര്‍ ആരാധകര്‍ നിരാശരാകേണ്ട കാര്യമില്ല. എന്നാല്‍ മെസിയെ ബാഴ്‌സയില്‍ നിന്നും റാഞ്ചാന്‍ പ്രേരിപ്പിക്കുകയെന്നത് ഏതു ടീമിനും ദുഷ്‌കരം പിടിച്ച പണി തന്നെയാണ്. സാവിയോള പറഞ്ഞു.
റൊണാള്‍ഡോ, മെസി എന്നിവരില്‍ മികച്ച താരമായി ഞാന്‍ കണക്കാക്കുന്നത് മെസിയെയാണെന്നും അതേ സമയം ഇരു താരങ്ങളുടെയും റെക്കോര്‍ഡുകള്‍ മറികടക്കാന്‍ നിലവിലുള്ള താരങ്ങള്‍ക്ക് വളരെ ബുദ്ധിമുട്ടായിരിക്കുമെന്നും സാവിയോള പറഞ്ഞു.
