മണ്‍റോവിയ: മുന്‍ ലോക ഫുട്ബോളര്‍ ജോര്‍ജ് വിയ ലൈബീരിയന്‍ പ്രസിഡന്റ് സ്ഥാനത്തേക്ക്. രാജ്യത്തിന്റെ ഭരണാധികാരിയാകുന്ന ആദ്യ ഫുട്ബോള്‍ കളിക്കാരനാണ് വിയ. കഴിഞ്ഞ ദിവസം നടന്ന പൊതു തെരെഞ്ഞെടുപ്പില്‍ നിലവിലെ വൈസ് പ്രസിഡന്റ് ജോസഫ് ബോകൈയെ ആണ് ജോര്‍ജ് വിയ പരാജയപ്പെടുത്തിയത്. 15ല്‍ പതിമൂന്ന് പ്രവിശ്യകള്‍ നേടിയാണ് ഫുട്ബോള്‍ ഇതിഹാസത്തിന്‍റെ വിജയം. ഔദ്യോഗിക പ്രഖ്യാപനം ഉടനുണ്ടായേക്കും.
ലൈബീരിയയുടെ 25-ാം പ്രസിഡന്റാണ് ജോര്‍ജ് വിയ. ലോക ഫുട്ബാളര്‍, ആഫ്രിക്കന്‍ ഫുട്ബോളര്‍, ബാലന്‍ ഡി ഓര്‍ എന്നീ അപൂര്‍വ ബഹുമതികള്‍ നേടിയിട്ടുണ്ട്. ലോക ഫുട്ബോളറായ ആദ്യ ആഫ്രിക്കന്‍ താരമായിരുന്നു ജോര്‍ജ് വിയ. 1995ല്‍ ഫിഫയുടെ മികച്ച താരവും ബാലന്‍ ഡി ഓര്‍ ജേതാവുമായി ജോര്‍ജ് വിയ തിരഞ്ഞെടുക്കപ്പെട്ടു. പ്രസിഡന്‍റ് സ്ഥാനത്തേക്ക് കഴിഞ്ഞ തവണ എലന്‍ ജോണ്‍സണ്‍ സിര്‍ലിയോട് ഏറ്റുമുട്ടിയെങ്കിലും പരാജയപ്പെട്ടിരുന്നു.
