മെര്‍വിന്‍ വെസ്റ്റ്ഫീല്‍ഡ് വാതുവയ്‌പ് കേസില്‍ ആറ് വര്‍ഷത്തിന് ശേഷം ഡാനിഷ് കനേറിയയുടെ കുറ്റസമ്മതം. ഒരാള്‍ക്ക് ജീവിതകാലം മുഴുവന്‍ കള്ളങ്ങള്‍ പറഞ്ഞ് പിടിച്ചുനില്‍ക്കാനാകില്ലെന്ന് മുന്‍‍ പാക്ക് ലെഗ് സ്‌പിന്നര്‍...

ലണ്ടന്‍: കുപ്രസിദ്ധ മെര്‍വിന്‍ വെസ്റ്റ്ഫീല്‍ഡ് വാതുവയ്‌പ് കേസില്‍ ആറ് വര്‍ഷത്തിന് ശേഷം മുന്‍ പാക് ലെഗ് സ്‌പിന്നര്‍ ഡാനിഷ് കനേറിയയുടെ കുറ്റസമ്മതം. 2009 സെപ്റ്റംബറില്‍ ഡര്‍ഹാമിനെതിരായ മത്സരത്തില്‍ എസെ‌ക്‌സ് സഹതാരം മെര്‍വിന്‍ വെസ്റ്റ്ഫീല്‍ഡിനൊപ്പം വാതുവയ്‌പുകാരില്‍ നിന്ന് പണം കൈപ്പറ്റി എന്നായിരുന്നു ആരോപണം. സംഭവത്തില്‍ 2012ല്‍ ഇംഗ്ലണ്ട് ആന്‍ഡ് വെയ്‌ല്‍സ് ക്രിക്കറ്റ് ബോര്‍ഡ് കനേറിയയെ ആജീവനാന്ത കാലത്തേക്ക് വിലക്കിയിരുന്നു. 

'എന്‍റെ പേര് ഡാനിഷ് കനേറിയ, 2012ല്‍ ഇംഗ്ലണ്ട് ആന്‍ഡ് വെയ്‌ല്‍സ് ക്രിക്കറ്റ് ബോര്‍ഡ് തനിക്കെതിരെ കണ്ടെത്തിയ രണ്ട് കുറ്റങ്ങള്‍ ശരിവെക്കുന്നു. വളരെയധികം ആത്മധൈര്യത്തോടെയാണ് ഇക്കാര്യം വെളിപ്പെടുത്തുന്നത്. ഒരാള്‍ക്ക് ജീവിതകാലം മുഴുവന്‍ കള്ളങ്ങള്‍ പറഞ്ഞ് പിടിച്ചുനില്‍ക്കാനാകില്ല'. മുപ്പത്തിയേഴുകാരനായ താരം അല്‍ ജസീറ ടിവിയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ തുറന്നുപറഞ്ഞു. 

സംഭവത്തില്‍ 2010ല്‍ ഇരുവരെയും അറസ്റ്റ് ചെയ്തെങ്കിലും തെളിവുകളുടെ അഭാവത്തില്‍ കനേറിയയെ വിട്ടയച്ചു. പിന്നാലെ താന്‍ കുറ്റക്കാരനല്ലെന്ന് പലകുറി ആവര്‍ത്തിച്ചിരുന്നു കനേറിയ. എന്നാല്‍ ഓവറില്‍ റണ്‍സ് വഴങ്ങുന്നതിന് 6000 പൗണ്ട് കൈപ്പറ്റിയിരുന്നതായി സമ്മതിച്ച വെസ്റ്റ്ഫീല്‍ഡ് ജയിലായി. ഇന്ത്യക്കാരനായ അനു ഭട്ടാണ് കനേറിയയെ കെണിയില്‍പ്പെടുത്തിയത്. അനു ഭട്ടിനെ കുറിച്ച് ഐസിസിയും ഇസിബിയും നല്‍കിയ മുന്നറിയിപ്പ് താന്‍ അവഗണിച്ചതായി കനേറിയ അഭിമുഖത്തില്‍ പറഞ്ഞു. 

ഗൂഗ്ലിക്ക് പേരുകേട്ട കനേറിയ പാക്കിസ്ഥാന്‍റെ എക്കാലത്തെയും മികച്ച ലെഗ് സ്‌പിന്നര്‍മാരില്‍ ഒരാളാണ്. പാക്കിസ്ഥാനായി 2000നും 2010നും ഇടയിലായി 61 ടെസ്റ്റുകള്‍ കളിച്ച കനേറിയ 261 വിക്കറ്റുകള്‍ വീഴ്‌ത്തിയിട്ടുണ്ട്. ഓസ്‌ട്രേലിയക്കെതിരെ 2010 ജനുവരിയിലാണ് അവസാന ടെസ്റ്റ് മത്സരം കളിച്ചത്.