സെഞ്ചൂറിയന്‍: ദക്ഷിണാഫ്രിക്കയ്ക്കെതിരായ രണ്ടാം ഏകദിനത്തില്‍ ഇന്ത്യയുടെ വിജയം വൈകിപ്പിച്ച അമ്പയര്‍മാരുടെ നടപടി വിവാദത്തില്‍. ഇന്ത്യയ്ക്ക് ജയിക്കാന്‍ രണ്ട് റണ്‍സ് മാത്രം വേണ്ട ഘട്ടത്തില്‍ ഉച്ചഭക്ഷത്തിന് പിരിയുന്നതായി അംപയര്‍മാര്‍ അറിയിക്കുകയായിരുന്നു. ഇന്ത്യയുടെ വിജയം വൈകിപ്പിച്ച അമ്പയര്‍മാര്‍ക്കെതിരെ മുന്‍ താരങ്ങളടക്കമുള്ളവര്‍ രംഗത്തെത്തി.
ഇന്ത്യന്‍ ഇന്നിംഗ്സില്‍ 19-ാം ഓവര്‍ പൂര്‍ത്തിയായ ശേഷമാണ് മത്സരം ഉച്ചഭക്ഷത്തിന് പിരിഞ്ഞത്. 51 റണ്‍സോടെ ശിഖര്‍ ധവാനും 44 റണ്‍സുമായി നായകന്‍ വിരാട് കോലിയുമായിരുന്നു ഈ സമയം ക്രീസില്‍. മത്സരം പൂര്‍ത്തിയാക്കിയ ശേഷം ഭക്ഷത്തിന് പിരിയാമെന്ന് ഇന്ത്യന്‍ നായകന്‍ വിരാട് കോലി അറിയിച്ചെങ്കിലും അംപയര്‍മാര്‍ ഗൗനിച്ചില്ല.
ഇക്കാര്യം കോലി ദക്ഷിണാഫ്രിക്കന്‍ നായകന്‍ മര്‍ക്രാമുമായി ചര്‍ച്ചചെയ്തെങ്കിലും അംപയര്‍മാര്‍ തീരുമാനത്തില്‍ മാറ്റത്തിന് തയ്യാറായില്ല. പിന്നീട് അരമണിക്കൂറിലധികം സമയം കഴിഞ്ഞാണ് മത്സരം പുനരാരംഭിച്ചത്. എന്നാല്‍ ഇടവേള കഴിഞ്ഞുള്ള ഒന്‍പതാമത്തെ പന്തില്‍ ഇന്ത്യ വിജയലക്ഷ്യമായ 119 റണ്‍സ് മറികടന്നു.
