സിനദിൻ സിദാൻ ചെൽസിയുടെ കോച്ചായേക്കുമെന്ന് സൂചന. മൗറീസിയോ സാറിക്ക് പകരം സിദാനെ നിയമിക്കാൻ ചെൽസി പ്രാഥമിക ചർച്ചകൾ നടത്തി.

ചെല്‍സി: റയല്‍ മാഡ്രിഡ് മുന്‍ പരിശീലകന്‍ സിനദിൻ സിദാൻ ചെൽസിയുടെ കോച്ചായേക്കുമെന്ന് സൂചന. മൗറീസിയോ സാറിക്ക് പകരം സിദാനെ നിയമിക്കാൻ ചെൽസി പ്രാഥമിക ചർച്ചകൾ നടത്തി. എഡൻ ഹസാർഡുമായുള്ള കരാർ പുതുക്കണം. അടുത്ത ട്രാൻസ്‌ഫർ വിൻഡോയിൽ പുതിയ താരങ്ങളെ സ്വന്തമാക്കാൻ 200 ദശലക്ഷം പൗണ്ട് ചെലവഴിക്കണം എന്നീ ആവശ്യങ്ങൾ അംഗീകരിച്ചാൽ ചെൽസിയുടെ കോച്ചാവാമെന്നാണ് സിദാന്‍റെ നിലപാട്. 

റയൽ മാഡ്രിഡിനെ ചാമ്പ്യൻസ് ലീഗിൽ ഹാട്രിക് കിരീടത്തിലേക്ക് നയിച്ച സിദാൻ ഇപ്പോൾ ഒരു ടീമിന്‍റെയും പരിശീലകനല്ല. റയലിൽ ഉള്ളപ്പോഴും സിദാൻ ടീമിലെടുക്കാൻ ആഗ്രഹിച്ച താരമായിരുന്നു ഹസാർഡ്. ഇതേസമയം ടോട്ടനം കോച്ച് മൗറീസിയോ പൊച്ചെറ്റീനോയെ സ്വന്തമാക്കാൻ മാഞ്ചസ്റ്റർ യുണൈറ്റഡും ശ്രമം തുടങ്ങി. നിലവിൽ താൽക്കാലിക കോച്ച് ഒലേ സോൾഷെയറിന് കീഴിലാണ് യുണൈറ്റഡ് കളിക്കുന്നത്.