ശ്രീനഗര്‍: കാശ്മീരില്‍ ക്രിക്കറ്റ് മത്സരത്തിനിടെ പാക്കിസ്ഥാന്‍ ദേശീയഗാനത്തില്‍ പങ്കെടുത്തതിന് നാല് താരങ്ങള്‍ അറസ്റ്റില്‍. സംഭവത്തിന്‍റെ ദൃശ്യം സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചതിനെ തുടര്‍ന്നാണ് അധികൃതര്‍ നടപടിയെടുത്തത്. ദൃശ്യത്തില്‍ പാക്കിസ്ഥാന്‍ ദേശീയഗാനം ആലപിക്കുമ്പോള്‍ താരങ്ങള്‍ തലയുയര്‍ത്തി നില്‍ക്കുന്നത് വ്യക്തമായി കാണാം എന്നാണ് പൊലിസ് കണ്ടെത്തല്‍.

ബന്ദിപോരയിലെ അരിന്‍ ഗ്രാമത്തില്‍ ജനുവരി മൂന്നിന് നടന്ന മത്സരത്തിന് മുമ്പാണ് വിവാദ സംഭവമെന്ന് ഹിന്ദുസ്ഥാന്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്തു. മത്സരത്തിന്‍റെ സംഘാടകര്‍ക്കായി പൊലിസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. സംഭവത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്തതായും അന്വേഷണം ആരംഭിച്ചതായും പൊലിസ് അറിയിച്ചു. എംസിസി ഗോന്ദിപ്പോരയും ദാര്‍ഡ്‌‌പോര ക്രിക്കറ്റ് ക്ലബും തമ്മിലായിരുന്നു മത്സരം എന്നാണ് ദേശീയമാധ്യമങ്ങളുടെ റിപ്പോര്‍ട്ട്.

ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കില്ലെന്ന് ഗ്രാമവാസികളില്‍ നിന്ന് പൊലിസ് ഉറപ്പ് വാങ്ങിയെന്നാണ് സൂചന. കാശ്മീരില്‍ കഴിഞ്ഞ ഏപ്രിലില്‍ പാക്കിസ്ഥാന്‍ ജഴ്സിയണിഞ്ഞ് ക്രിക്കറ്റ് താരങ്ങള്‍ ദേശീയഗാനം ആലപിച്ച സംഭവം വലിയ വിവാദമായിരുന്നു.