മുംബൈ: 2017ലെ മികച്ച താരങ്ങളെ അണിനിരത്തിയുള്ള ടെസ്റ്റ് ടീമില്‍ ഇന്ത്യന്‍ കുതിപ്പ്. നായകന്‍ വിരാട് കോലിയടക്കം നാല് താരങ്ങള്‍ ടീമില്‍ ഇടംനേടി. യഥാക്രമം മൂന്ന്, അഞ്ച് സ്ഥാനങ്ങളില്‍ ചേതേശ്വര്‍ പൂജാരയും കോലിയും പാഡണിയും. വൃദ്ധിമാന്‍ സാഹ വിക്കറ്റ് കീപ്പറായി ഇടം നേടിയപ്പോള്‍ രവീന്ദ്ര ജഡേജ ഓള്‍ റൗണ്ടറായി ടീമിലെത്തി. സ്പോ‌ര്‍ട്സ് വെബ്സൈറ്റായ സ്പോര്‍ട്‌സ്‌കീഡയാണ് ടീമിനെ തെരഞ്ഞെടുത്തത്. 

മൂന്ന് ഓസീസ് താരങ്ങളും രണ്ട് വീതം ഇംഗ്ലണ്ട്-ദക്ഷിണാഫ്രിക്കന്‍ താരങ്ങളും ടീമിലെത്തി. ഓസ്‌‌ട്രേലിയന്‍ നായകന്‍ സ്റ്റീവ് സ്‌മിത്താണ് ടീമിന്‍റെ നായകന്‍. ദക്ഷിണാഫ്രിക്കന്‍ താരം ഡീന്‍ എള്‍ഗറും ഓസീസ് ബാറ്റ്സ്മാന്‍ ഡേവിഡ് വാര്‍ണറുമാണ് ഓപ്പണിംഗ് റോളില്‍. കങ്കാരുക്കളുടെ നഥാന്‍ ലിയോണാണ് സ്‌പെഷലിസ്റ്റ് സ്‌പിന്നറായി ഇടം ലഭിച്ച ഏകതാരം. ദക്ഷിണാഫ്രിക്കന്‍ താരം റബാദയും ഇംഗ്ലണ്ടിന്‍റെ ജിമ്മി ആന്‍ഡേഴ്സണുമാണ് ടീമിലെ പേസര്‍മാര്‍.