ലണ്ടന്‍: മുന്‍ ഇംഗ്ലണ്ട് താരം ഫ്രാങ്ക് ലംപാര്‍ഡ് പ്രൊഫഷണല്‍ ഫുട്ബോളില്‍നിന്ന് വിരമിച്ചു. ഏറെക്കാലം ചെല്‍സി ക്ലബിനുവേണ്ടി ബൂട്ടണിഞ്ഞ ലംപാര്‍ഡ് അപ്രതീക്ഷിതമായാണ് കളി നിര്‍ത്താനുള്ള തീരുമാനം പ്രഖ്യാപിച്ചത്. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് വിരമിക്കല്‍ തീരുമാനം ലംപാര്‍ഡ‍് പ്രഖ്യാപിച്ചത്. 21 വര്‍ഷത്തോളം നീണ്ട കരിയറാണ് ലംപാര്‍ഡ് അവസാനിപ്പിച്ചത്. കളി നിര്‍ത്താന്‍ ഏറ്റവും അനുയോജ്യമായ സമയം ഇതാണെന്ന് ലംപാര്‍ഡ് കുറിപ്പില്‍ എഴുതി. അന്താരാഷ്‌ട്രതലത്തിലും ക്ലബ് ഫുട്ബോളിലുമായി മുന്നൂറിലധികം ഗോളുകള്‍ നേടാനായത് വലിയ കാര്യമാണ്. രാജ്യത്തെ പ്രതിനിധീകരിച്ചു നൂറിലധികം മല്‍സരങ്ങളില്‍ ബൂട്ടണിയാന്‍ കഴിഞ്ഞതും അഭിമാനകരമായ കാര്യമാണെന്ന് ലംപാര്‍ഡ് വ്യക്തമാക്കി. 2005ല്‍ ചെല്‍സി ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ ചരിത്രം രചിക്കുമ്പോള്‍ കിരീടനേട്ടത്തില്‍ മുഖ്യപങ്ക് വഹിച്ചത് ലംപാര്‍ഡ് ആയിരുന്നു. ഏറെക്കാലം ചെല്‍സിക്കുവേണ്ടി കളിച്ച ലംപാര്‍ഡ് 211 ഗോളുകളാണ് നീലപ്പടയ്‌ക്ക് വേണ്ടി അടിച്ചുകൂട്ടിയത്. അമേരിക്കന്‍ മേജര്‍ സോക്കര്‍ ലീഗില്‍ ന്യൂയോര്‍ക്ക് സിറ്റിക്കുവേണ്ടിയാണ് ലംപാര്‍ഡ് ഒടുവില്‍ ബൂട്ടണിഞ്ഞത്.