കൊല്‍ക്കത്ത: ഇന്ത്യന്‍ ക്രിക്കറ്റ് ആരാധകരാല്‍ ആഘോഷിക്കപ്പെടാതെ പോയ താരമാണ് ഗൗതം ഗംഭീര്‍. 2007ല്‍ ഇന്ത്യ ട്വന്റി-20 ലോകകപ്പ് നേടിയപ്പോഴും 2011ല്‍ ഏകദിന ലോകകപ്പ് നേടിയപ്പോഴും ഫൈനലിലെ ടോപ് സ്കോറര്‍ ആയിരുന്നു ഗംഭീര്‍. ടെസ്റ്റ് ക്രിക്കറ്റില്‍ ഒരുകാലത്ത് സ്ഥിരതയുടെകാര്യത്തില്‍ രാഹുല്‍ ദ്രാവിഡിന്റെ പിന്‍ഗാമിയായിപ്പോലും വിശേഷിപ്പിക്കപ്പെട്ട താരം. എന്നാല്‍ ഫോം നഷ്ടമായി ടീമില്‍ന്ന് ഒഴിവാക്കപ്പെട്ട ഗംഭീര്‍ പിന്നീടൊരിക്കലും ടീമിലേക്ക് കാര്യമായി പരിഗണിക്കപ്പെട്ടില്ല. ഒരു തവണ തിരിച്ചുവന്നെങ്കിലും അന്തിമ ഇലവനില്‍ അവസരം ലഭിച്ചില്ല.

പിന്നീട് ഒഴിവാക്കപ്പെടുകയും ചെയ്തു. ഈ കാലത്തും ഐപിഎല്ലില്‍ ഗംഭീര്‍ മിന്നുന്ന ഫോമിലായിരുന്നു. കൊല്‍ക്കത്തയെ രണ്ടുതവണ ഐപിഎല്‍ ചാമ്പ്യന്‍മാരാക്കുകയും ചെയ്തു. ഗംഭീറിനെ എന്തുകൊണ്ട് ടീമിലേക്ക് പരിഗണിക്കുന്നില്ലെന്ന ചോദ്യത്തിന് ഇതിന് പിന്നില്‍ ധോണിയാണന്നായിരുന്നു ഒരു ആരോപണം. ഗംഭീര്‍ തിരിച്ചെത്തിയാല്‍ തന്റെ ക്യാപ്റ്റന്‍ സ്ഥാനത്തിന് ഭീഷണിയാവുമോ എന്നുപോലും ധോണി ഭയക്കുന്നതായി ആരോപണങ്ങളുയരുകയും ചെയ്തിരുന്നു. കാരണം ഇന്ത്യന്‍ ക്യാപ്റ്റനെന്ന നിലയില്‍ 100 ശതമാനം വിജയ റെക്കോര്‍ഡുള്ള താരമാണ് ഗംഭീര്‍.

ഇന്ത്യയെ നയിച്ച ആറ് മത്സരങ്ങളിലും ഗംഭീര്‍ വിജയം നേടുകയും ചെയ്തു. എന്നാല്‍ ഈ ആരോപണങ്ങളെയെല്ലാം കാറ്റില്‍ പറത്തുന്ന വെളിപ്പെടുത്തലാണ് ഗംഭീര്‍ അടുത്തിടെ നടത്തിയത്. കരിയറില്‍ സൗരവ് ഗാംഗുലി മുതല്‍ നിരവധി ക്യാപ്റ്റന്‍മാരുടെ കീഴില്‍ കളിച്ചിട്ടുണ്ടെങ്കിലും തന്റെ ഇഷ്ടനായകന്‍ ധോണിയാണെന്ന് ഗംഭീര്‍ വെളിപ്പെടുത്തി.സ്റ്റാര്‍ സ്‌പോര്‍ട്സിന് അനുവദിച്ച അഭിമുഖത്തിലാണ് ഗംഭീര്‍ ഇക്കാര്യം തുറന്നുപറഞ്ഞത്.