മുംബൈ: മുന്‍ ഇന്ത്യന്‍ താരം കൂടിയായ സഹീര്‍ ഖാനെ ഇന്ത്യന്‍ ടീമിന്റെ ബൗളിംഗ് പരിശീലകനാക്കണമെന്ന് ബിസിസിഐ ഉപദേശക സമതി അംഗവും മുന്‍ ഇന്ത്യന്‍ നായകനുമായ സൗരവ് ഗാംഗുലി ആവശ്യപ്പെട്ടതായി റിപ്പോര്‍ട്ട്. എന്നാല്‍ ഗാംഗുലിയുടെ നിര്‍ദേശം ക്യാപ്റ്റന്‍ വിരാട് കോലി തള്ളിക്കളയുകയായിരുന്നുവെന്ന് ദേശീയ മാധ്യമം റിപ്പോര്‍ട്ട് ചെയ്ത്.
സഹീറിനെ ബൗളിംഗ് പരിശീലകനാക്കി നിയമിക്കുന്നതിനോട് കോലി താല്‍പര്യം പ്രകടിപ്പിച്ചില്ല. നിര്‍ബന്ധമാണെങ്കില്‍ സഹീറിനെ കുറച്ചുകാലത്തേക്ക് ബൗളിംഗ് കണ്‍സള്‍ട്ടന്റായി നിയോഗിക്കാമെന്നായിരുന്നു കോലിയുടെ നിലപാട്. ബൗളര്‍മാര്‍ക്ക് നിലവിലെ ബൗളിംഗ് പരിശീലകനായ ഭരത് അരുണിനോടാണ് താല്‍പര്യമെന്ന് കോലി ഗാംഗുലിയെ അറിയിച്ചു. ഇതോടെ സഹീറിന്റെ സാധ്യകതള്‍ അവസാനിച്ചുവെന്നാണ് റിപ്പോര്‍ട്ട്.
ഇന്ത്യന്‍ കോച്ചാവാനുള്ള അഭിമുഖത്തില്‍ പങ്കെടുത്ത രവി ശാസ്ത്രിയോട് താങ്കള്‍ക്ക് ഇഷ്ടമുള്ള സപ്പോര്‍ട്ട് സ്റ്റാഫിനെ വെയ്ക്കാനാവില്ലെന്ന് ഗാംഗുലി വ്യക്തമാക്കിയിരുന്നു. ശാസ്ത്രിയോട് സഹീറിനെ ബൗളിംഗ് കോച്ചാക്കണമെന്ന് ഗാംഗുലി നിര്‍ദേശിച്ചിരുന്നുവെങ്കിലും ഭരത് അരുണ്‍ തന്നെ മതിയെന്ന് ശാസ്ത്രിയും നിലപാടെടുത്തുവെന്നാണ് റിപ്പോര്‍ട്ട്.
ലണ്ടനിലുള്ള ശാസ്ത്രി സ്കൈപ്പ് വഴിയാണ് അഭിമുഖത്തിനെത്തിയത്. കഴിഞ്ഞവര്‍ഷവും സ്കൈപ്പ് വഴി അഭിമുഖത്തില്‍ പങ്കെടുത്ത ശാസ്ത്രിക്കെതിരെ ഗാംഗുലി പരസ്യമായി വിമര്‍ശിച്ചിരുന്നു. ഇന്ത്യന്‍ കോച്ചാവാന്‍ ആഗ്രഹിക്കുന്നവര്‍ നേരിട്ടെത്തിയാണ് പ്രസന്റേഷന്‍ അവതരിപ്പിക്കേണ്ടതെന്നായിരുന്നു ദാദയുടെ പരസ്യവിമര്‍ശനം. ഇത്തവണയും സ്കൈപ്പ് വഴി തന്നെയാണ് ശാസ്ത്രി അഭിമുഖത്തില്‍ പങ്കെടുത്തത്. മറ്റൊരു അപേക്ഷകനായ വിരേന്ദര്‍ സെവാഗ് നേരിട്ടെത്തി അഭിമുഖത്തില്‍ പങ്കെടുക്കുകയും ചെയ്തു.
