ബൊറൂസിയ ഡോർട്മുണ്ടിനെതിരെ ബെയ്ല്‍ നേടിയ ഗോള്‍ ഏറ്റവും മികച്ചത്

മാഡ്രിഡ്: യുറോപ്യന്‍ ക്ലബുകളുടെ സ്വപ്നകിരീടം തുടര്‍ച്ചയായി മൂന്നാം വട്ടവും നേടിയതിന് പിന്നാലെ റയലിനെ തേടി മറ്റൊരു നേട്ടം കൂടി. ചാമ്പ്യന്‍സ് ലീഗ് 2017-18 സീസണിലെ ഏറ്റവും മികച്ച ഗോളും റയലിന്‍റെ പേരില്‍ കുറിക്കപ്പെട്ടു. മെസിയും റൊണാള്‍ഡോയും നെയ്മറും ഗ്രീസ്മാനും എല്ലാം മിന്നിതിളങ്ങിയ സീസണില്‍ ഏവരെയും കടത്തിവെട്ടി ഗരത് ബെയ്ല്‍ ഏറ്റവും മികച്ച ഗോളിന്‍റെ ഉടമയായി.

ചാമ്പ്യൻസ് ലീഗ് കലാശക്കളിയില്‍ ലിവര്‍പൂളിനെതിരെ നേടിയ ബൈസിക്കിള്‍ കിക്കിലൂടെയല്ല ബെയ്ല്‍ സ്വപ്നനേട്ടം സ്വന്തമാക്കിയതെന്ന പ്രത്യേകതയുമുണ്ട്. ഗ്രൂപ്പ് ഘടത്തില്‍ ബൊറൂസിയ ഡോർട്മുണ്ടിനെതിരെ ബെയ്ല്‍ നേടിയ ഗോളാണ് ചാമ്പ്യൻസ് ലീഗ് ഒഫിഷ്യൽ സൈറ്റിൽ നടത്തിയ പോളിംഗില്‍ ആരാധകര്‍ ഏറ്റവും മികച്ചതെന്ന് വിധിയെഴുതിയത്.

കാര്‍വജാല്‍ നീട്ടിനല്‍കിയ പന്ത് നിലംതൊടാത്ത വോളിയിലൂടെയാണ് ബെയ്ല്‍ അന്ന് വലയിലെത്തിച്ചത്. ഓണ്‍ലൈന്‍ പോളില്‍ പങ്കെടുത്ത 19 ശതമാനം ആളുകളും ഇതാണ് മികച്ചതെന്ന് തിരഞ്ഞെടുക്കുകയായിരുന്നു.

യുവന്‍റസിനെതിരായ ക്രിസ്റ്റ്യാനോയുടെ ബൈസിക്കിള്‍ ഗോള്‍ രണ്ടാം സ്ഥാനത്തെത്തി. പതിനെട്ട് ശതമാനം പേരാണ് ക്രിസ്റ്റ്യാനോയുടെ ഗോള്‍ മികച്ചതെന്ന് അഭിപ്രായപ്പെട്ടത്. ചാമ്പ്യന്‍സ് ലീഗ് കലാശക്കളിയില്‍ ബെയില്‍ നേടിയ മനോഹരമായ ഗോള്‍ മികച്ചതെന്ന് 12 ശതമാനം പേര്‍ അഭിപ്രായപ്പെട്ടു.