കൊല്‍ക്കത്ത: ഇന്ത്യന്‍ ടീം ഓപ്പണര്‍ സ്ഥാനത്ത് മങ്ങിയ ഫോമിലുള്ള ശീഖര്‍ ധവാന് പകരം ഗൗതം ഗംഭീറിനെ പരീക്ഷിക്കാവുന്നതാണെന്ന് മുന്‍ ഇന്ത്യന്‍ നായകന്‍ സുനില്‍ ഗവാസ്കര്‍. ഐപിഎല്ലിലെ മികച്ച പ്രകടനം ഗംഭീറിന് ടീം ഇന്ത്യയില്‍ വീണ്ടും സ്ഥാനം നേടിക്കൊടുക്കുമെന്നും ഗവാസ്കര്‍ പറഞ്ഞു. ഐപിഎല്ലില്‍ 226 റണ്‍സുമായി ടോപ് സ്കോററാണ് ഗംഭീര്‍ ഇപ്പോള്‍. ഇപ്പോള്‍ ഗംഭീര്‍ നടത്തുന്ന പ്രകടനം അദ്ദേഹത്തിന്റെ കഠിനാധ്വാനത്തിന്റെയും ആത്മസമര്‍പ്പണത്തിന്റെയും ഫലമാണെന്നും ഒരു ദേശീയ ചാനലിന് നല്‍കിയ അഭിമുഖത്തില്‍ ഗവാസ്കര്‍ വ്യക്തമാക്കി.
കരിയറില്‍ ഗംഭീറിന് ഇടയ്ക്കൊരു തിരിച്ചടിയുണ്ടായി. എനിക്കുതോന്നുന്നത് അദ്ദേഹത്തിന്റെ ഫൂട്ട്‌വര്‍ക്കില്‍ ചില പ്രശ്നങ്ങളുണ്ടായിരുന്നു എന്നാണ്. എന്നാല്‍ ഇപ്പോഴത്തെ ഗംഭീറില്‍ അത്തരം പ്രശ്നങ്ങളൊന്നും കാണാനില്ല. അതിനര്‍ഥം അദ്ദേഹം കഠിനാധ്വാനം ചെയ്ത് അതെല്ലാം പരിഹരിച്ചുവെന്നുതന്നെയാണ്. അതിന്റെ ഫലമാണ് കാണുന്നതും. ഒരിക്കല്‍ ഇന്ത്യക്ക് കളിച്ചിട്ടുള്ള താരമാണെങ്കില്‍ നിങ്ങള്‍ ഒരിക്കലും വീണ്ടും ഇന്ത്യക്ക് കളിക്കാമെന്ന പ്രതീക്ഷ കൈവിടരുത്.
അല്ലെങ്കിലും രഞ്ജിയിലും ഐപിഎല്ലിലുമെല്ലാം മികച്ച പ്രകടനം നടത്തുന്നതിന്റെ അടിസ്ഥാനം തന്നെ ഒരിക്കല്‍ ഇന്ത്യന്‍ ടീമില്‍ കളിക്കാമെന്ന പ്രതീക്ഷയിലാണല്ലോ-ഗവാസ്കര്‍ പറഞ്ഞു. മൂന്ന് വര്‍ഷം മുമ്പ് 2013ലാണ് ഗംഭീര്‍ അവസാനമായി ഇന്ത്യക്കായി ഏകദിനത്തില്‍ കളിച്ചത്. 2014ല്‍ ഇംഗ്ലണ്ടിനെതിരെയായിരുന്നു ഗംഭീറിന്റെ അവസാന ടെസ്റ്റ്.
