ദില്ലി: ഇന്ത്യന്‍ ഏകദിന ടീം നായകന്‍ മഹേന്ദ്ര സിംഗ് ധോണിക്കെതിരെ ഒളിയമ്പെയ്ത് മുന്‍ ഇന്ത്യന്‍ ഓപ്പണര്‍ ഗൗതം ഗംഭീര്‍. ധോണിയുടെ കഥ പറയുന്ന ധോണി ദ് അണ്‍ടോള്‍ഡ് സ്റ്റോറി എന്ന സിനിമയെ പരാമര്‍ശിച്ചാണ് ഗംഭീര്‍ ട്വിറ്ററിലൂടെ വിമര്‍ശനമുന്നയിച്ചത്. ക്രിക്കറ്റ് താരങ്ങളുടെ ജീവചരിത്ര സിനിമയില്‍ താവ്‍ വിശ്വസിക്കുന്നില്ലെന്നും ഒരു ക്രിക്കറ്റ് താരത്തേക്കാള്‍ രാജ്യത്തിനുവേണ്ടി കൂടുതല്‍ സംഭാവന ചെയ്തവരുടെ ജീവചരിത്രമാണ് സിനിമയാക്കേണ്ടതെന്നും ഗംഭീര്‍ ട്വിറ്ററില്‍ കുറിച്ചു. ഇതിനേക്കാള്‍ മഹത്തരമായ കാര്യങ്ങള്‍ ചെയ്ത നിരവധിപേര്‍ രാജ്യത്തുണ്ടെന്നും ഗംഭീര്‍ പറഞ്ഞു.

Scroll to load tweet…

ദുലീപ് ട്രോഫിയില്‍ മികച്ച പ്രകടനം നടത്തിയിട്ടും ന്യൂസിലന്‍ഡിനെതിരായ ടെസ്റ്റ് പരമ്പരയ്ക്കുള്ള ടീമില്‍ ഉള്‍പ്പെടുത്താതിനെതിരെയും നേരത്തെ ഗംഭീര്‍ ട്വിറ്ററിലൂടെ ആഞ്ഞടിച്ചിരുന്നു. നിരാശയുണ്ട്, പക്ഷെ എന്നെ തോല്‍പ്പിക്കാനാവില്ല. എന്നെ ഒടുക്കിയതാണ്, പക്ഷെ ഞാനൊരു ഭീരുവല്ല. മന:കരുത്താണ് എന്റെ പങ്കാളി, ധൈര്യമാണ് എന്റെ അഭിമാനം, എനിക്ക് പൊരുതിയേ പറ്റു, പൊരുതിയേ പറ്റൂ എന്നായിരുന്നു ഗംഭീറിന്റെ ട്വീറ്റ്.

Scroll to load tweet…

ധോണി നായകനായിരുന്നപ്പോഴേ ഇരുവരും തമ്മിലുള്ള ബന്ധം അത്ര ഊഷ്മളമായിരുന്നില്ല. ഫോമില്ലായ്മയുടെ പേരില്‍ ടീമില്‍ നിന്ന് പുറത്തായ ഗംഭീര്‍ പിന്നീടൊരിക്കലും ധോണി ക്യാപ്റ്റനായിരുന്ന കാലത്ത് ടെസ്റ്റ് ടീമില്‍ മടങ്ങിയെത്തിയിട്ടുമില്ല. ഐപിഎല്ലില്‍ ധോണി ബാറ്റ് ചെയ്യാനെത്തുമ്പോള്‍ ഗംഭീര്‍ പലപ്പോഴും ചുറ്റും ഫീല്‍ഡര്‍മാരെ നിര്‍ത്തി ധോണിയെ സമ്മര്‍ദ്ദത്തിലാക്കാറുള്ളത് മുമ്പും വാര്‍ത്തായായിട്ടുണ്ട്.