വിശാഖപട്ടണം: സ്‌പിന്നര്‍ ആര്‍ അശ്വിനെ ഇന്ത്യന്‍ ക്രിക്കറ്റ് ടീം വൈസ് ക്യാപ്റ്റന്‍ ആക്കണമെന്ന് മുന്‍ നായകന്‍ സുനില്‍ ഗാവസ്കര്‍. ക്യാപ്റ്റന്‍ കൊ‌ഹ്‌ലി ഒരു ബാറ്റ്സ്മാന്‍ ആണ്. ബൗളറായ ഒരാളെ വൈസ് ക്യാപ്റ്റന്‍ ആക്കുന്നത്, വ്യത്യസ്തമായ കാഴ്ചപ്പാട് ടീം മാനേജ്മെന്റിന് ലഭിക്കാന്‍ സഹായകരം ആകുമെന്നും ഗാവസ്കര്‍ പറഞ്ഞു. നിലവില്‍ അജിങ്ക്യാ രഹാനെ ആണ് വൈസ് ക്യാപ്റ്റന്‍.

നാട്ടില്‍ നടക്കുന്ന ടെസ്റ്റ് പരമ്പരകളില്‍ വൈസ് ക്യാപ്റ്റനെ പ്രഖ്യാപിക്കില്ലെന്ന കീഴ്വഴക്കം മറികടന്നാണ് രഹാനെയെ പുതിയ സെലക്ഷന്‍ കമ്മിറ്റി വൈസ് ക്യാപ്റ്റനായി നിയമിച്ചത്. അതിനിടെ, ഇംഗ്ലണ്ടിനെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ തിളങ്ങാന്‍ കഴിയാതിരുന്ന അശ്വിനെ ന്യായീകരിച്ച് മുന്‍ ക്യാപ്റ്റന്‍ സൗരവ് ഗാംഗുലി രംഗത്തെത്തി. എല്ലാ മത്സരങ്ങളിലും അശ്വിന്‍ അഞ്ച് വിക്കറ്റ് വീഴ്‌ത്തുമെന്ന് പ്രതീക്ഷീക്കാനാവില്ലെന്ന് ഗാംഗുലി പറഞ്ഞു.

പേസര്‍മാരായ മുഹമ്മദ് ഷാമിയും ഉമേഷ് യാദവും ഇഷാന്ത് ശര്‍മയും അവസരത്തിനൊത്തുയരണം. രണ്ടാം ടെസ്റ്റില്‍ ഉമേഷിന് പകരം ഇഷാന്തിനെ കളിപ്പിക്കണമെന്നും ഗാംഗുലി അഭിപ്രായപ്പെട്ടു. സ്പിന്നര്‍മാരെ അമിതമായി സഹായിക്കുന്ന പിച്ചില്‍ മാത്രം കളിക്കുകയും ജയിക്കുകയും ചെയ്യുന്നത് ഇന്ത്യന്‍ ക്രിക്കറ്റിന്റെ വളര്‍ച്ച മുരടിപ്പിക്കുമെന്നും ഗാംഗുലി പറഞ്ഞു.