അബുദാബി: ഏഷ്യന്‍ കപ്പ് പ്രാഥമിക റൗണ്ടിലെ ഇന്ത്യ- ബഹ്‌റൈന്‍ മത്സരത്തിന്റെ ആദ്യ പകുതി ഗോള്‍രഹിത സമനിലയില്‍. മത്സരത്തിന്റെ നാലാം മിനിറ്റില്‍ തന്നെ ഇന്ത്യയുടെ പ്രതിരോധതാരം അനസ് എടത്തൊടിക പരിക്കേറ്റ് പുറത്തായത് ഇന്ത്യക്ക് കനത്ത തിരിച്ചടിയായി. സലാം രഞ്ജന്‍ സിങ്ങാണ് അനസിന് പകരം ഇറങ്ങിയത്.

ബഹ്‌റൈന്റെ മുന്നേറ്റത്തോടെയാണ് മത്സരം തുടങ്ങിയത്. സയേദ് ദിയയുടെ ഷോട്ട് ഇന്ത്യന്‍ ഗോള്‍ കീപ്പര്‍ ഗുര്‍പ്രീത് സിങ് തട്ടിയകറ്റി. 17ാം മിനിറ്റില്‍ ഇന്ത്യയുടെ ഭാഗത്ത് നിന്ന് ആദ്യ ശ്രമമുണ്ടായി. പ്രിതം കോട്ടാലിന്റെ ഒരു ക്രോസില്‍ ആഷിഖ് കുരുണിയന്‍ തലവച്ചെങ്കിലും ഗോള്‍ കീപ്പര്‍ അനായാസം കൈയിലൊതുക്കി. രണ്ട് മിനിറ്റുകള്‍ക്ക് ശേഷം ഹാളിചരണിന്റെ ഷോട്ട് ബഹ്‌റൈന്‍ പ്രതിരോധതാരം രക്ഷപ്പെടുത്തി. 

നേരത്തെ, പ്ലയിങ് ഇലവനില്‍ ഒരുമാറ്റവുമായിട്ടാണ് ഇന്ത്യ ഇറങ്ങിയത്. മധ്യനിരയില്‍ അനിരുദ്ധ് താപയെ മാറ്റി ഇന്ന് റൗളിങ് ബോര്‍ജസിനെയാണ് കോച്ച് സ്റ്റീഫന്‍ കോണ്‍സ്റ്റന്റൈന്‍ കളിപ്പിച്ചത്. മധ്യനിര ബോര്‍ജസിനൊപ്പം പ്രണോയ് ഹാള്‍ഡറുണ്ട്. പ്രണോയ് ആണ് ഇന്ന് ക്യാപ്റ്റന്‍ ആം ബാന്‍ഡും അണിയുന്നത്.