ഐ ലീഗില്‍ ഗോകുലം എഫ്‌സിക്ക് വീണ്ടും സമനില. കൊല്‍ക്കത്തയില്‍ നടന്ന മത്സരത്തില്‍ കരുത്തരായ മോഹന്‍ ബഗാനുമായിട്ട് 2-2ന് സമനിലയില്‍ പിരിയുകയായിരുന്നു. 1-2ന് മുന്നിട്ട് നിന്ന ശേഷമാണ് ഗോകുലം സമനില വഴങ്ങിയത്.

കൊല്‍ക്കത്ത: ഐ ലീഗില്‍ ഗോകുലം എഫ്‌സിക്ക് വീണ്ടും സമനില. കൊല്‍ക്കത്തയില്‍ നടന്ന മത്സരത്തില്‍ കരുത്തരായ മോഹന്‍ ബഗാനുമായിട്ട് 2-2ന് സമനിലയില്‍ പിരിയുകയായിരുന്നു. 1-2ന് മുന്നിട്ട് നിന്ന ശേഷമാണ് ഗോകുലം സമനില വഴങ്ങിയത്. ഷില്‍ട്ടന്‍ ദാസ്, ദിപാന്ത ഡിക്ക എന്നിവരാണ് മോഹന്‍ ബഗാന്റെ ഗോള്‍ നേടിയത്. മര്‍കസ് ജോസഫ് ഒരു ഗോള്‍ നേടിയപ്പോള്‍ മറ്റൊന്ന് സെല്‍ഫ് ഗോളായിരുന്നു. 

നിരന്തര പരിശ്രമത്തിന്റെ ഫലമായി ആതിഥേയര്‍ 18ാം മിനിറ്റില്‍ ആദ്യ ഗോള്‍ നേടി. സോണി നോര്‍ഡെയുടെ കോര്‍ണറില്‍ ഷില്‍ട്ടന്‍ ദാസ് തലവെച്ചു പന്ത് ഗോകുലത്തിന്റെ വലയില്‍ എത്തി. എന്നാല്‍ മൂന്ന് മിനിറ്റുകള്‍ക്ക് ശേഷം ഗോകുലം സമനില ഗോള്‍ കണ്ടെത്തി. ഗോകുലം താരത്തിന്റെ ക്രോസ് ക്ലിയര്‍ ചെയ്യുന്നതിനിടെ കിംകിമയുടെ കാലില്‍ തട്ടി പന്ത് വലയില്‍. 

മൂന്ന് മിനിറ്റുകള്‍ക്ക് ശേഷം ഗോകുലം ലീഡ് നേടി. ക്യാപ്റ്റന്‍ വിപി സുഹൈര്‍ നടത്തിയ മുന്നേറ്റത്തിന് ഒടുവില്‍ മര്‍കസ് ജോസഫിന്റെ മികച്ച ഒരു ഫിനിഷ്. ആദ്യ പകുതിയില്‍ തന്നെ 1-2ന്റെ ലീഡ് ഗോകുലം നേടി. എന്നാല്‍ 59ാം മിനിറ്റില്‍ ഗോകുലം തിരിച്ചടിച്ചു. ഹെന്റി കിസെകയുടെ പാസില്‍ നിന്നും ഡിക്കയുടെ ഗോളെത്തി. സ്‌കോര്‍ 2-2. സമനില വഴങ്ങിയതോടെ 14 മത്സരങ്ങളില്‍ നിന്നും 12 പോയിന്റുമായി ഗോകുലം ഒന്‍പതാം സ്ഥാനത്ത് തുടരുകയാണ്. ബഗാന്‍ 15 മത്സരങ്ങളില്‍ 22 പോയിന്റുമായി അഞ്ചാമതാണ്.