ഐ ലീഗ് മുന്‍ ചാമ്പ്യന്മാരായ മിനര്‍വ പഞ്ചാബിനെതിരെ മികച്ച ആക്രമണത്തോടെയാണ് കേരളത്തിന്‍റെ ടീം പോര് തുടങ്ങിയത്. കളി തുടങ്ങി രണ്ടാം മിനിറ്റില്‍ തന്നെ പഞ്ചാബിന്‍റെ വല കുലുങ്ങിയെങ്കിലും റഫറി ഫൗള്‍ വിധിച്ചതോടെ ആ ഗോള്‍ നിരസിക്കപ്പെട്ടു
ഗുരുഗ്രാം: തോല്‍വികളുടെ നിലയില്ലാ കയത്തില്‍ മുങ്ങി താഴാതിരിക്കാന്‍ വിജയിക്കാനുറച്ച് ഐ ലീഗില്‍ കളത്തിലിറങ്ങിയ ഗോകുലം എഫ്സിക്ക് സമനില. വിജയപ്രതീക്ഷ അവസാന നിമിഷം വരെ നിലനിര്‍ത്തിയ ശേഷം വഴങ്ങിയ ഗോളിലാണ് ഗോകുലം സമനില വഴങ്ങിയത്.
ഐ ലീഗ് മുന്‍ ചാമ്പ്യന്മാരായ മിനര്‍വ പഞ്ചാബിനെതിരെ മികച്ച ആക്രമണത്തോടെയാണ് കേരളത്തിന്‍റെ ടീം പോര് തുടങ്ങിയത്. കളി തുടങ്ങി രണ്ടാം മിനിറ്റില്‍ തന്നെ പഞ്ചാബിന്‍റെ വല കുലുങ്ങിയെങ്കിലും റഫറി ഫൗള്‍ വിധിച്ചതോടെ ആ ഗോള്‍ നിരസിക്കപ്പെട്ടു. പിന്നീട് ഇരു ടീമും ആവനാഴിയിലെ അസ്ത്രങ്ങള്‍ ഒന്നാകെ പരീക്ഷിച്ച് നോക്കിയെങ്കിലും ഗോള്‍ മാത്രം പിറന്നില്ല.
ഗോള്‍രഹിത സമനിലയിലേക്ക് കളി നീങ്ങുമെന്ന ഘട്ടത്തില്‍ 84-ാം മിനിറ്റില്‍ ജോസഫിലൂടെ ഗോകുലം മുന്നിലെത്തി. തുടര്‍ച്ചയായ നാല് പരാജയങ്ങള്‍ക്ക് ശേഷം ഇതോടെ വീണ്ടും വിജയവഴിയില്‍ എത്താമെന്ന സ്വപ്നം ഗോകുലം ആരാധകര്‍ കണ്ടു തുടങ്ങി.
എന്നാല്‍, കളിയുടെ ഇഞ്ചുറി സമയത്തിന്‍റെ അവസാന നിമിഷം മിനര്‍വ തിരിച്ചടിച്ചതോടെ ഗോകുലത്തിന്‍റെ കണക്കുക്കൂട്ടലുകള്‍ തകര്‍ന്നു. ജോര്‍ജ് റോഡ്രിഗസ് ആണ് മിനര്‍വയ്ക്കായി വലചലിപ്പിച്ചത്. 13 മത്സരങ്ങളില്‍ നിന്ന് രണ്ട് ജയം മാത്രമുള്ള ഗോകുലം 11 പോയിന്‍റുമായി ഒമ്പതാം സ്ഥാനത്താണ്.
