റാഞ്ചി: റാഞ്ചി ക്രിക്കറ്റ് ടെസ്റ്റില്‍ ചേതേശ്വര്‍ പൂാജരയും പ്രതിരോധം ഭേദിക്കാനാതാവാതെ ഓസീസ് വിയര്‍ക്കുമ്പോള്‍ ആരും അപ്പീല്‍ ചെയ്യാതിരുന്നിട്ടും ഔട്ട് വിളിച്ച് അമ്പയര്‍. ഒടുവില്‍ പണി പാളിയെന്ന് തിരിച്ചറിഞ്ഞപ്പോള്‍ തലയിലെ തൊപ്പി ശരിയാക്കുന്നതുപോലെ അഭിനയിച്ച് തടിതപ്പി. ഇന്ത്യാ-ഓസ്ട്രേലിയ മൂന്നാം ക്രിക്കറ്റ് ടെസ്റ്റിന്റെ നാലാം ദിനമായിരുന്നു അമ്പയര്‍ ഗൂഫി ഗഫാനിയുടെ ഭാവാഭിനയം ചിരി പടര്‍ത്തിയത്.

ഹേസല്‍വുഡ് എറിഞ്ഞ ഷോര്‍ട്ട് പിച്ച് പന്ത് ഹുക്ക് ചെയ്യാന്‍ ശ്രമിച്ച പൂജാരയ്ക്ക് പിഴച്ചു. പന്ത് ബാറ്റിലൊന്നും തട്ടാതെ ഓസീസ് വിക്കറ്റ് കീപ്പര്‍ മാത്യു വെയ്ഡിന്റെ കൈകളിലെത്തി. ബൗളറായ ഹേസല്‍വുഡോ മാത്യു വെയ്ഡോ ഔട്ടിനായി അപ്പീലൊന്നും ചെയ്തില്ലെങ്കിലും ഗഫാനി പതുക്കെ ചൂണ്ടുവിരലുയര്‍ത്തി. എന്നാല്‍ ആരും അപ്പീല്‍ ചെയ്യാതിരുന്നത് കണ്ട് പതുക്കെ ഉയര്‍ത്തിയ വിരല്‍കൊണ്ട് തൊപ്പി ശരിയാക്കുന്നതുപോലെ അഭിനയിച്ചു. ഇതുകണ്ട് സ്ലിപ്പില്‍ നിന്ന് ഓസീസ് ക്യാപ്റ്റന്‍ സ്റ്റീവ് സ്മിത്ത് അപ്പീല്‍ ചെയ്തെങ്കിലും അമ്പയര്‍ നിഷേധിച്ചു.

ഗഫാനിയുടെ ഭാവാഭിനയം ക്യാമറകള്‍ ഒപ്പിയെടുത്തത് ആരാധകരില്‍ ചിരി പടര്‍ത്തി. റീപ്ലേകളില്‍ പന്ത് ബാറ്റില്‍ കൊണ്ടില്ലെന്ന് വ്യക്തമാകുകയും ചെയ്തു.