സംസ്ഥാനത്തെ കുട്ടികൾക്ക് ബാഡ്മിന്‍റൺ പരിശീലനം നൽകാൻ പുല്ലേല ഗോപിചന്ദ് എത്തുന്നു. ഒളിപിംക് മെഡൽ ലക്ഷ്യമിട്ടുള്ള ഓപ്പറേഷൻ ഒളിന്പിയ പദ്ധതിയിൽ പരിശീലകനായാണ് ഗോപീചന്ദിന്റെ വരവ്. രണ്ട് മാസത്തിലൊരിക്കൽ ഗോപിചന്ദ് നേരിട്ടെത്തി പരിശീലനം നൽകും.

ഒളിംപിക്സിൽ രാജ്യത്തിനായി മെഡലണിയാൻ കേരളത്തിലെ കായിക താരങ്ങളെ പ്രാപ്തരാക്കുന്ന സംസ്ഥാന സർക്കാരിന്‍റെ പദ്ധതിയാണ് ഓപ്പറേഷൻ ഒളിന്പിയ. ഇതിൽ ബാഡ്മിന്‍റൺ താരങ്ങളെ പരിശീലിപ്പിക്കാനാണ് ഒളിംപിക് വെള്ളി മെഡൽ ജേത്രി പി വി സിന്ധുവിന്‍റെ പരിശീലകൻ പുല്ലേല ഗോപിചന്ദ് എത്തുന്നത്. ഓപ്പേറഷൻ ഒളിന്പ്യ പദ്ധതിയിലേക്ക് ബാഡ്മിഡന്‍റൺ താരങ്ങളെ കണ്ടെത്തുന്നതിനുള്ള സെലക്ഷൻ കൊച്ചിയിൽ നടന്നു. 200 കുട്ടികളിൽ നിന്ന് 20 പേരെ പരിശീലനത്തിനായി തെരഞ്ഞെടുത്തു. ഇവർക്ക് വിദേശ കോച്ചുമാരടക്കം പരിശീലനം നൽകും. പരിശീലകരെയും ഗോപിചന്ദ് നിശ്ചയിക്കും

ഏഷ്യൻ നിലവാരത്തിൽ പ്രകടനം നടത്തുന്ന കുട്ടികളെയാണ് ഓപ്പറേഷൻ ഒളിന്പ്യയിലേക്ക് തെരഞ്ഞടുത്തിരിക്കുന്നത്. ഗോപിചന്ദ് അക്കാദമിയുമായി സഹകരിച്ച് നടത്തുന്ന പരിശീലനം കൊച്ചിയിലാണ്. ബാഡ്മിന്‍റണ് പുറമേ അത്‍ലറ്റിക്സ്, ബോക്സിങ്, സൈക്ലിംഗ്, ഷൂട്ടിങ് തുടങ്ങി 11 കായിക ഇനങ്ങളെ കൂടി ഒപ്പറേഷൻ ഒളിന്പ്യയിൽ ഭാഗഭാക്കാക്കുന്നുണ്ട്. അടുത്ത ജനുവരി ഒന്നിന് മുന്പ് 250 മികച്ച താരങ്ങളെ കണ്ടെത്തി പരിശീലനം നൽകാനാണ് ശ്രമം. 410 കോടി രൂപയാണ് ഓപ്പറേഷൻ ഒളിന്പ്യയ്ക്കായി സംസ്ഥാന സർക്കാർ ചെലവഴിക്കുന്നത്.