പി വി സിന്ധുവിന്‍റെ കഠിനാധ്വാനത്തിനുള്ള പ്രതിഫലമാണ് കൊറിയന്‍ ഓപ്പണ്‍ സീരീസിലെ വിജയമെന്ന് പരിശീലകന്‍ പുല്ലേല ഗോപിചന്ദ്. ജപ്പാന്‍ സൂപ്പര്‍ സീരീസ് കിരീടമാണ് സിന്ധുവിന്‍റെ അടുത്ത ലക്ഷ്യം. സൈന നെഹ്‍വാള്‍ അക്കാദമിയിലേക്ക് തിരിച്ചെത്തിയതില്‍ സന്തോഷമുണ്ടെന്നും പുല്ലേല ഗോപീചന്ദ് കൊച്ചിയില്‍ പറഞ്ഞു.
സ്ഥിരത പ്രകടിപ്പിക്കാത്തത് സിന്ധുവിന് ചില സമയത്ത് പ്രശ്നം സൃഷ്‌ടിക്കുന്നു. 22-ാം വയസ്സില്‍ ഇത്ര മികച്ച പ്രകടനം നടത്തുന്നത് മനോഹരമാണ്. ഭാവിയിലും മികച്ച പ്രകടനം നടത്താനുള്ള കഴിവ് സൈനയ്‌ക്കുണ്ട്. 2004ല്‍ 14 വയസ്സുള്ളപ്പോള്‍ മുതല്‍ 10 വര്‍ഷം സൈനയെ പരിശീലിപ്പിച്ചിട്ടുണ്ട്. സൈന തിരിച്ചെത്തുന്നതില്‍ സന്തോഷം. ഒരുമിച്ച് നിന്ന് കൂടുതല്‍ വിജയം നേടാനാകുമെന്ന് പ്രതീക്ഷിക്കുന്നു- ഗോപിചന്ദ് പറഞ്ഞു.
ലോകചാമ്പ്യന്‍ഷിപ്പില്‍ സ്വര്‍ണം നഷ്‌ടമാക്കിയ ജപ്പാന്റെ നൊസോമി ഒകാഹുരയെ തകര്‍ത്ത് പി വി സിന്ധു കൊറിയന്‍ ഓപ്പണ്‍ സൂപ്പര്‍ സീരിസ് സ്വന്തമാക്കിയതിന്‍റെ ആഹ്ലാദത്തിലാണ് പരിശീലകന്‍ പുല്ലേല ഗോപിചന്ദ്. സിന്ധുവിന്‍റെ കഠിന പരിശീലനത്തിന്‍റെ ഫലമാണ് കൊറിയന്‍ സിരീസിലെ മധുര പ്രതികാരം. ആക്രമണോത്സുകതയാണ് സിന്ധുവിന് വിജയം സമ്മാനിച്ചത്. സ്ഥിരതയാര്‍ന്ന പ്രകടനം നിലനിര്‍ത്താനാണ് സിന്ധു ശ്രമിക്കുന്നതെന്നും ഗോപിചന്ദ് പറഞ്ഞു.
മൂന്ന് വര്‍ഷത്തെ ഇടവേളയ്‌ക്ക് ശേഷം സൈന നെഹ്‍വാള്‍ ഗോപിചന്ദ് അക്കാദമിയില്‍ തിരിച്ചെത്തിയതില്‍ സന്തോഷമുണ്ട്. 2012ല്‍ അക്കാദമിയിലുണ്ടായിരുന്ന സമയത്ത് ഒളിപിക് മെഡല്‍ നേടിയത് പോലുള്ള പ്രകടനം ആവര്‍ത്തിക്കാനാണ് സൈനയുടെ ശ്രമം.
ജപ്പാന്‍ സൂപ്പര്‍ സീരീസില്‍ സ്വര്‍ണമാണ് ഗോപിചന്ദ് അക്കാദമി ലക്ഷ്യമിടുന്നതെന്നും പുല്ലേല ഗോപിചന്ദ് പറഞ്ഞു. സിന്ധുവും സൈനയും അടക്കം പത്തംഗ സംഘമാണ് ജപ്പാന്‍ സൂപ്പര്‍ സീരീസില്‍ ഇന്ത്യയെ പ്രതിനിധീകരിക്കുന്നത്.
